അതിര്‌വിട്ട്‌ ആരാധക സ്‌നേഹം: കേരളത്തിലെ പ്രൊമോഷനിടെ ലോകേഷ് കനകരാജിന് പരിക്ക്

അതിര്‌വിട്ട്‌ ആരാധക സ്‌നേഹം: കേരളത്തിലെ പ്രൊമോഷനിടെ ലോകേഷ് കനകരാജിന് പരിക്ക്

ലിയോ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. പാലക്കാട് അരോമ തീയേറ്ററിൽ സംവിധായകനെ കാണാനെത്തിയ ആരാധകർക്കിടയിൽപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. പ്രേക്ഷകരുടെ തിക്കിലും തിരക്കിലും ലോകേഷിന്റെ കാലിന് പരിക്കേറ്റു.
ആരാധകർ അനിയന്ത്രിതമായി എത്തിയതോടെ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കാലിന് പരിക്കേറ്റതോടെ ലോകേഷിന്റെ കേരളത്തിലെ മറ്റു പരിപാടികൾ റദ്ദാക്കി. തൃശൂർ രാഗം തീയേറ്ററിലും കൊച്ചി കവിത തീയേറ്ററിലും സന്ദർശനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായും വൈകാതെ കേരളത്തിലേയ്ക്ക് മടങ്ങിയെത്തുമെന്നും സംവിധായകൻ വ്യക്തമാക്കി.
കേരളത്തിൽ 600ൽ കൂടുതൽ സ്ക്രീനുകളിലാണ് ലിയോ പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് കഷക്ഷനാണ് കേരളത്തിലെ തീയേറ്ററിൽ നിന്ന് ചിത്രം സ്വന്തമാക്കിയത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്.
ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് പലരും സിനിമയെക്കുറിച്ച് പറയുന്നത്. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും തന്റെ അടുത്ത പ്രോജക്റ്റിൽ അവ പരിഗണിക്കുകയും ചെയ്യുമെന്നാണ് ലോകേഷ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. ‘തലൈവർ 171’ ആണ് ലോകേഷ് ഇനി സംവിധാനം ചെയ്യുന്ന ചിത്രം.

Leave a Reply