പ്രണയപ്പക; മംഗളൂരുവില്‍ മലയാളി യുവാവ് കോളേജില്‍ എത്തിയത് മാസ്കും തൊപ്പിയും ധരിച്ച്‌, ഒടുവില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡാക്രമണം

മംഗളൂരു: കർണാടകയില്‍ കോളേജ് വിദ്യാർത്ഥിനികള്‍ക്ക് നേരെ ആസിഡാക്രമണം നടത്തിയ മലയാളി യുവാവ് പിടിയില്‍. നിലമ്ബൂർ സ്വദേശിയും എംബിഎ വിദ്യാർത്ഥിയുമായ അഭിയെയാണ് (23) കഡാബ പൊലീസ് അറസ്റ്റ് ചെയ്തത്.

മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് പ്രതി ആക്രമണം നടത്തിയത്.

ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവണ്‍മെന്റ് കോളജിലെ മൂന്ന് വിദ്യാർത്ഥിനികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അലീന, അർച്ചന, അമൃത എന്നീ വിദ്യാർത്ഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇവർ മലയാളികളാണെന്നാണ് സൂചന. കോളേജിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വിദ്യാർഥിനികള്‍. അതിനുശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപാണ് അഭി ആസിഡാക്രമണം നടത്തിയത്.

ഗുരുതരാവസ്ഥയില്‍ കഡാബ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിദ്യാർത്ഥിനികളില്‍ ഒരാളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിയെ കോളേജിലെ മറ്റ് വിദ്യാർത്ഥികളും അധികൃതരും തടഞ്ഞുവച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Leave a Reply