ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന ശ്വാസകോശ രോഗം; കേരളത്തിലും മുൻകരുതല്‍

ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന ശ്വാസകോശ രോഗം; കേരളത്തിലും മുൻകരുതല്‍

ചൈനയില്‍ കുട്ടികളില്‍ ശ്വാസകോശ രോഗം വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ കേരളത്തിലും മുൻകരുതല്‍. സ്ഥിതിഗതികള്‍ അവലോകനം ചെയ്യാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ഡോക്ടര്‍മാര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ സാഹചര്യം വിലയിരുത്തി.

കോവിഡ് 19 ന് പ്രതിരോധമായി സ്വീകരിച്ച ലോക്ഡൗണ്‍ കാരണം ചൈനയിലെ കുട്ടികളില്‍ പ്രതിരോധശേഷിയില്‍ ഉണ്ടായ കുറവാണ് രോഗത്തിന് കാരണമെന്നാണ് നിലവില്‍ കേരളത്തിലെ ഡോക്ടര്‍ സംഘത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ വകുപ്പ് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കേരളത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ തയ്യാറാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പ്രായമായവരും ജീവിതശെലിരോഗങ്ങള്‍ ഉള്ളവരും ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമാണ് കേരളം. കൂടാതെ വിദേശബന്ധവും കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

ഒക്ടോബര്‍ മാസം മുതല്‍ ചൈനയില്‍ ഇൻഫ്‌ളുവൻസ രോഗവും ശ്വാസകോശ രോഗവും വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യമാണുള്ളത്. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുള്ളത്. എന്നാലും രാജ്യത്ത് നീരിക്ഷണവും കരുതലും ശക്തമാക്കും. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന്’ കേന്ദ്ര ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു.

എച്ച്‌ 9 എൻ 2 ഇൻഫ്ളുവൻസാ രോഗവും ശ്വാസകോശ രോഗവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ചൈനയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ചെയിൻ പതിവ് പോലെ എല്ലാം രഹസ്യമാക്കി വെക്കുകയാണ്. രോഗത്തെ കുറിച്ച്‌ നിര്‍ണായകമായ ഒരു വിവരങ്ങളും ചൈന ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. രോഗത്തിന്റെ കാരണം അജ്ഞാതമായി തുടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന വിശദവിവരങ്ങള്‍ നല്‍കാൻ ചൈനയോട് ആവശ്യപ്പെട്ടത്. ന്യുമോണിയക്ക് സമാനമായ ശ്വാസകോശ രോഗമാണിതെന്നും രോഗവ്യാപനത്തിന് പിന്നില്‍ പുതിയ രോഗകാരികളോ ഒന്നും തന്നെയില്ലായെന്നുമാണ് ചൈനയുടെ മറുപടി.

Leave a Reply