പോക്സോ കേസിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവും മദ്രസ അധ്യാപകനുമായ തിരുനല്ലൂർ പുതുവീട്ടിൽ മുഹമ്മദ് ഷെരീഫ് (52) പോലീസിന്റെ പിടിയിൽ. ഇയാളെ ചൈൽഡ് ലൈൻ പരാതി പ്രകാരമാണ് പാവറട്ടി എസ് എച്ച് ഒ എം. കെ. രമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മദ്രസാ അധ്യാപകനായ ഇയാൾ കുറച്ചു നാളുകളായി ഒരു കുട്ടിയെ മാർക്ക് കുറയ്ക്കുമെന്നും തോൽപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയിലെ സ്വഭാവമാറ്റവും അസ്വാഭാവികതയും കണ്ട് ക്ലാസ് അധ്യാപിക കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്ന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. പ്രതിയെ വടക്കേക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷരീഫ് മുസ്ലീം ലീഗ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, മണലൂർ നിയോജക മണ്ഡലം കൗൺസിലർ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു ഇയാൾ.