ബിജെപിയ്ക്ക് അവസരം സൃഷ്ടിക്കും;കാസർകോട് കെഎം ഷാജി വേണ്ടെന്ന് പ്രവർത്തകർ; മാഹിൻ ഹാജി, മുനീർ ഹാജി എന്നീ പേരുകൾ സജീവം

ബിജെപിയ്ക്ക് അവസരം സൃഷ്ടിക്കും;കാസർകോട് കെഎം ഷാജി വേണ്ടെന്ന് പ്രവർത്തകർ; മാഹിൻ ഹാജി, മുനീർ ഹാജി എന്നീ പേരുകൾ സജീവം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്നും കെ.എം. ഷാജി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, വിയോജിപ്പുമായി ജില്ലയിലെ മുസ്ലിം ലീഗ് പ്രവർത്തകർ. കെഎം ഷാജി സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായ നേതാവാണെങ്കിലും കാസർകോടിന്റെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ഇക്കുറി ജില്ലയിൽ നിന്നുള്ളവർ തന്നെ മത്സരിക്കണമെന്ന വികാരം അണികൾക്കിടയിൽ ശക്തമാണ്. പ്രാദേശിക നേതാക്കളെ തഴഞ്ഞ് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകുന്നതിനോട് പ്രവർത്തകർക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിപിഎമ്മിന്റെ കടുത്ത രാഷ്ട്രീയ ശത്രുവായ കെ.എം. ഷാജി കാസർകോട് വരുന്നത് മണ്ഡലത്തിലെ വോട്ടിങ് നിലയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും പ്രവർത്തകർക്കുണ്ട്. ഷാജിയെ തോൽപ്പിക്കാൻ സിപിഎം സ്വീകരിക്കുന്ന രാഷ്ട്രീയ അടവുകൾ മണ്ഡലത്തിൽ ചില അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് വഴിയൊരുക്കുമെന്നും ഇത് രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് ഗുണകരമാകുമെന്നും ഒരു വിഭാഗം അണികൾ വിശ്വസിക്കുന്നു. ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ജില്ലയിലെ ജനപിന്തുണയുള്ള നേതാക്കൾ തന്നെ രംഗത്തിറങ്ങണമെന്നാണ് മുസ്ലിം ലീഗ് പ്രവർത്തകരുടെ ഉറച്ച നിലപാട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന്റെ തീരുമാനം നിർണ്ണായകമാകും.

ജില്ലയിൽ നിന്ന് തന്നെ നിരവധി പേരുകൾ ഉയർന്ന് വരുന്നുണ്ടെങ്കിലും ജില്ലാ അധ്യക്ഷൻ കല്ലട്ര മാഹിൻ ഹാജി, ട്രഷറർ മുനീർ ഹാജി എന്നിവരുടെ പേരുകൾ പ്രവർത്തകർക്കിടയിൽ ശക്തമായി ഉയരുന്നുണ്ട്.മണ്ഡലത്തിന്റെ മുക്കുമൂലകൾ അറിയുന്നവരും അണികളുമായി നിരന്തര സമ്പർക്കമുള്ളവരുമായ പ്രാദേശിക നേതാക്കൾക്ക് മുൻഗണന നൽകുന്നത് വിജയസാധ്യത വർദ്ധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply