ന്യൂഡൽഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ലോക്‌സഭയിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗ്യാലറിയിൽ നിന്ന് താഴേക്ക് ചാടി കളർ സ്പ്രേ പ്രയോഗിച്ചു.
എം പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം പി മാര്‍ക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍വാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.
ലോക്സഭയിൽ ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എം പിമാരെല്ലാം സുരക്ഷിതരാണ്. ഈ സമയത്ത് ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേര്‍ മുദ്രാവാക്യം വിളിക്കുകയും സ്പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു യുവതി അടക്കം നാല് പേര്‍ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയവരില്‍ ഒരു യുവാവിനെ എം.പിമാര്‍ തന്നെയാണ് പിടിച്ചുവച്ചത്.