കൊച്ചി: ഭാര്യയെ കുത്തിപ്പരിക്കേല്പിക്കുകയും പിന്നീട് ഒളിവിൽ പോവുകയും ചെയ്ത കോട്ടയം വെല്ലൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മുളന്തുരുത്തി റെയിൽവേ ട്രാക്കിലാണ് ചേതനയറ്റ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പത്മകുമാർ ഭാര്യയെ മർദിച്ചത്. ദമ്പതികൾ തമ്മിലുള്ള കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ ആക്രമിച്ച് കോട്ടയം തലയോലപ്പറമ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ പരാതിയെ തുടർന്ന് പത്മകുമാറിന് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. പരിക്കേറ്റ ഭാര്യ ഇപ്പോൾ ചികിത്സയിലാണ്. പത്മകുമാറിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.