ദാമ്പത്യ ജീവിതം പ്രമേയമാക്കിയ ധാരാളം സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്നും കാതൽ വേറിട്ട് നിൽക്കുന്നത് പുതിയൊരു അനുഭവവും അറിവും കാതൽ സമ്മാനിക്കുന്നത് കൊണ്ടാണ്. 20 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഡിവോസ് നേടാൻ ശ്രമിക്കുന്ന ഓമനയും വാർഡ് മെമ്പറായി മത്സരിക്കാനിറങ്ങുന്ന മാത്യുവും, മകനെ നിർബന്ധ പൂർവം കല്യാണം കഴിപ്പിച്ചതിന്റെ കുറ്റബോധം പേറുന്ന മാത്യുവിന്റെ പിതാവും, മാത്യുവിനെ ദൂരെ നിന്ന് മാത്രം കാണുന്ന ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന തങ്കനും. പെട്ടെന്നൊരു ദിവസം തങ്കന്റെ ഡ്രൈവിംഗ് സ്‌കൂളിൽ പെണ്ണുങ്ങളുടെ എണ്ണം വർധിക്കുന്നതും മാത്യുവിന്റെ പ്രശ്നം ഇലക്ഷൻ ടൂളാവുന്നതും ഓമനയുടെ ഡിവോസ് പെറ്റിഷനുമെല്ലാം സിനിമയുടെ കാതലിലേക്ക് സഞ്ചരിക്കുന്നു.
മാത്യുവിന്റെ കഥാപാത്രം വളരെ തനിമയോടെയും അച്ചടക്കത്തോടെയുമാണ് മമ്മൂട്ടി കൈകാര്യം ചെയ്തിരിക്കുന്നത്. താരപദവികളെല്ലാം അഴിച്ച് വെച്ച് മമ്മൂട്ടി എന്ന നടനും നിർമാതാവും പ്രേക്ഷകനെ ഞെട്ടിക്കുന്നു. മമ്മൂട്ടി എന്ന നടനെ മറന്ന് കൊണ്ട് മാത്യു എന്ന കഥാപാത്രവുമായി പ്രേക്ഷകരെ ഏറെ കണക്റ്റ് ചെയ്യുന്നു. മാത്യു കടന്ന് പോകുന്ന ഓരോ ഇമോഷന്സും ഹാർട്ട് ടച്ചിങ് ആയിട്ടാണ് മുന്നോട്ട് പോകുന്നത്. ഇതൊരു വെറും മമ്മൂട്ടി ചിത്രമല്ലായെന്ന് പ്രേക്ഷകരെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു. എടുത്ത് പറയേണ്ടത് ജ്യോതികയുടെ പ്രകടനമാണ്. ഓമന എന്ന കഥാപാത്രത്തെ വളരെ ഭദ്രമായിട്ടാണ് ജ്യോതിക കൈകാര്യം ചെയ്തിട്ടുള്ളത്.
തൊട്ടാൽ കൈ പൊള്ളുന്ന ഒരു വിഷയത്തെ വളരെ ചടുലതെയോടെയും അച്ചടക്കത്തെയുമാണ് സംവിധായകൻ ജിയോ ബേബി കൈകാര്യം ചെയ്തിരിക്കുന്നത്. സമൂഹത്തിൽ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയത്തെ ഓരോ സാധാരണക്കാരനും മനസിലാകുന്ന രീതിയിലും അവർക്ക് അവബോധം നൽകുന്ന രീതിയിലുമാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമയുടെ കാതൽ എന്താണെന്നുളത് നിങ്ങൾ ഈ സിനിമ കണ്ട് തീരുമാനിക്കുക.