കാസർഗോഡ്: റിയൽ ഇന്ത്യ വിഷൻ അവതരിപ്പിച്ച ടോട്ടോ ഹൈപ്പർ മാർക്കറ്റ് ‘മെഹ്ഫിൽ രാവ്’ സീസൺ വൺ ഗ്രാൻഡ് ഫിനാലെയിൽ വിജയകിരീടം ചൂടി ജംഷീർ ചാവക്കാട്വാശിയേറിയ കലാശപ്പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തിരൂർ സ്വദേശിനി ഷിഫ്ല രണ്ടാം സ്ഥാനവും, കോഴിക്കോട് സ്വദേശിനി ശബാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാസങ്ങൾ നീണ്ടുനിന്ന സംഗീത യാത്രയ്ക്കാണ് ഇതോടെ ആവേശകരമായ സമാപനമായത്.
മെലഡി-ഡിവോഷണൽ റൗണ്ട്, ഫാസ്റ്റ് നമ്പർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ നടന്നത്. ഓരോ റൗണ്ടിലും തങ്ങളുടെ സ്വരമാധുര്യം കൊണ്ട് വിധികർത്താക്കളെയും കാണികളെയും ഒരേപോലെ വിസ്മയിപ്പിക്കാൻ മത്സരാർത്ഥികൾക്കായി. എട്ട് പ്രതിഭകളാണ് അവസാന റൗണ്ടിൽ മാറ്റുരച്ചത്. ഷുഹൈബ് കൊടുവള്ളി, സജീദ് കണ്ണൂർ, താഹിസ് ചട്ടഞ്ചാൽ, ആദില കോഴിക്കോട്, മുജീബ് തളിപ്പറമ്പ് എന്നിവരും ഫൈനലിൽ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തു.
നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ ബെൻസീറ റഷീദ്, സംസാദ് എടരിക്കോട്, അലി ഭാവ കാരക്കുന്ന് എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഷോയിൽ ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു മുഖ്യാതിഥിയായി പങ്കെടുത്തു. ടോട്ടോ മാൾ ചെയർമാൻ അബ്ദുൽ ലത്തീഫ്, നാലപ്പാട് ഇന്റീരിയേഴ്സ് ചെയർമാൻ ഷാഫി നാലപ്പാട്, കർഷകശ്രീ ഇ. അബ്ദുള്ളക്കുഞ്ഞി, റിസ്‌വാൻ ഗൽദരി, സൽമാൻ ബിൽഡേഴ്‌സ് ചെയർമാൻ ശിഹാബ് തുടങ്ങി സാമൂഹിക-സാംസ്‌കാരിക-വ്യവസായ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

