പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയും അടക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു
കൊച്ചി: കോഴിക്കോട് ആറുവയസുകാരി അദിതിയുടെ കൊലപാതകത്തില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ. രണ്ട് ലക്ഷം വീതം പ്രതികൾ പിഴയും അടക്കണം. ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. 2013ലാണ് കുട്ടിയെ പ്രതികൾ പട്ടിണിക്കിട്ടും മർദിച്ചും കൊലപ്പെടുത്തിയത്. വിധിയിൽ സന്തോഷമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. കുട്ടിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരിയും രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തര്‍ജനവും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
2013ലാണ് അദിതി എന്ന 6 വയസുകാരി അതിക്രൂര മർദ്ദനത്തിനെ തുടർന്ന് മരിക്കുന്നത്. നിരന്തരം മര്‍ദ്ദിക്കുകയും മതിയായ ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും പതിവായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ശരീരത്തിൽ 19 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. പത്തു വയസുകാരൻ സഹോദരൻ മർദ്ദനം സംബന്ധിച്ച് പൊലീസിന് നൽകിയ മൊഴിയും നിർണായകമായി. എന്നാൽ കൊലക്കുറ്റത്തിൽ നിന്ന് കോഴിക്കോട്ടെ വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോയത്. അപൂർവങ്ങളിൽ അപൂർവമാണ് കുറ്റകൃത്യമെന്നും വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എങ്കിലും ഇരുവർക്കും ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.
ഇരുവർക്കുമെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സൈബർ സെൽ സഹായത്തോടെ ഇരുവരെയും ഇന്നലെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

