യു.എസിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്.
വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നാലെ പൊലീസ് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതേഹങ്ങള്‍ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയതും.
വിശദമായ അന്വേഷണം നടക്കുകയാണെന്ന് സാന്‍ മറ്റെയോ പൊലീസ് അറിയിച്ചു. എ.സിയില്‍ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററില്‍ നിന്നോ വമിച്ച വിഷവാതകം ശ്വസിച്ചതാണോ മരണ കാരണമെന്ന സംശയം ആദ്യം ബന്ധുക്കള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരണത്തില്‍ ദൂരുഹതകളുണ്ടെന്ന് വ്യക്തമായത്