ഡോക്ടർക്ക് നീതി തേടി രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി ആരോഗ്യപ്രവർത്തകർ, കേരളത്തിലും ഒപികൾ മുടങ്ങി 

ഡോക്ടർക്ക് നീതി തേടി രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി ആരോഗ്യപ്രവർത്തകർ, കേരളത്തിലും ഒപികൾ മുടങ്ങി 

ദില്ലി : കൊൽത്തയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി തേടി രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. ഇന്ന് ഐഎംഎയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ കൂട്ടമായി പ്രതിഷേധവുമായി തെരുവിലിറങ്ങി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കൊൽക്കത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കേരളത്തിലടക്കം സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ ഒപി സേവനവും അടയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും മുടങ്ങി. 

രാജ്യതലസ്ഥാനത്തടക്കം ഡോക്ടർമാരുടെ പ്രതിഷേധം അണപൊട്ടുകയാണ് . അത്യാഹിത വിഭാഗം ഒഴികെ ഡ്യൂട്ടി ബഹിഷ്ക്കരിച്ച്  ഡോക്ടർമാർ  ഇന്നും തെരുവിലിറങ്ങിയതോടെ ദില്ലി എംയിസ്, സഫ്ദർജംഗ് ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും അപ്പോളോ അടക്കം സ്വകാര്യ ആശുപത്രിയിലും പ്രതിഷേധം നടന്നു. ഡോക്ടർമാർക്ക്‌ പിന്തുണ പ്രഖ്യാപിച്ച് മറ്റ് ജീവനക്കാരും പ്രതിഷേധത്തിൽ  പങ്കെടുത്തതോടെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. ആശുപത്രികളിലെ സേവനം നിലച്ചതോടെ രോഗികളും വളഞ്ഞു.

ഇതിനിടെ സമരം തണുപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടങ്ങി. സുരക്ഷ ഉൾപ്പെടെ വിഷയങ്ങൾ പരിഗണക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. ഡോക്ടർമാരുടെ സംഘടനകൾക്കും സംസ്ഥാന സർക്കാരിനും സമിതിയ്ക്കു മുൻപാകെ നിർദേശം സമർപ്പിക്കാം. എന്നാൽ സർക്കാർ വാർത്താക്കുറിപ്പിൽ ഉറപ്പ് എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി.  

കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരും നഴ്സുമാരുടെ സംഘടനകളും മെഡിക്കൽ വിദ്യാർഥികളും പണിമുടക്കി. ഒപിയിൽ പതിവ് തിരക്കുണ്ടായിരുന്നില്ലെങ്കിലും സമരത്തെ കുറിച്ചറിയാതെ വന്നവർ വലഞ്ഞു. സമീപജില്ലകളിൽ നിന്ന് വന്നവരടക്കം ഡോക്ടർമാരെ കാണാനാകാതെ മടങ്ങി. ആർസിസി, ശ്രീ ചിത്ര തുടങ്ങിയ സ്ഥാപനങ്ങളേയും പണിമുടക്ക് സാരമായി ബാധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പടെ ജില്ലയിലെ പ്രധാന ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടു. 

മെഡിക്കൽ കോളേജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍റെ പ്രാഥമിക റിപ്പോർട്ട്

ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർജി ക‍ർ മെഡിക്കൽ കോളജിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേശീയ വനിതാ കമ്മീഷന്‍റെ പ്രാഥമിക റിപ്പോർട്ട്.വനിതാ ഡോക്ടറുടെ കൊലപാതകം നടന്ന ഉടൻ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നും ഇത് തെളിവ് നശിപ്പിക്കാൻ വഴിയൊരുക്കിയെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ആശുപത്രിയിൽ ഇല്ല.വനിതാ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ രണ്ടംഗ സമിതിയാണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്. സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ അവർത്തിക്കാതിരിക്കാനും ശക്തമായ നടപടികൾ എടുക്കാൻ കമ്മീഷൻ നിർദേശിച്ചു.

ആർജി കർ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ചാണ് ക്രൂര കൃത്യം നടന്നത്. സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് കുടുംബവും പ്രതിഷേധക്കാരും. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നാണ് സംശയിക്കുന്നത്. ആശുപത്രിയിലെ ചില ജൂനിയർ ഡോക്ടർമാർക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു. എന്നാൽ കൊൽക്കത്ത പോലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൂട്ട ബലാൽസം​ഗം നടന്നോയെന്ന സംശയം ഉയർന്നതിന് പിന്നാലെ സിബിഐ ആശുപത്രിയിലെ ഡോക്ടർമാരെ ചോദ്യം ചെയ്തിരുന്നു.   

Leave a Reply