ന്യൂഡല്‍ഹി: എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. മന്ത്രിമാർ ആരൊക്കെ എന്നതില്‍ ഇന്ന് തീരുമാനമായേക്കും.
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കുമെന്നാണ് സൂചന.
സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ക്ക് മുമ്ബില്‍ വഴങ്ങിയെങ്കിലും സുപ്രധാന വകുപ്പുകള്‍ ബിജെപി തന്നെ നിലനിർത്തിയാകും സർക്കാർ രൂപീകരിക്കുക. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം അടക്കമുള്ള വകുപ്പുകള്‍ നിലനിർത്തി ബാക്കിയുള്ളവ പങ്കിടാനാണ് ബിജെപിയുടെ തീരുമാനം.
5 ക്യാബിനറ്റ് പദവി, സഹമന്ത്രി സ്ഥാനങ്ങളും സ്പീക്കർ സ്ഥാനവുമാണ് 16 അംഗങ്ങളുള്ള ടിഡിപിയുടെ ആവശ്യം. ആന്ധ്രയുടെ പ്രത്യേക പദവിയും ടിഡിപി മുന്നോട്ട് വയ്ക്കുന്നുണ്ട്. റെയില്‍വേ, പ്രതിരോധം, കൃഷി, ഗ്രാമവികസനം എന്നിവയിലാണ് ജെഡിയു കണ്ണുവെക്കുന്നത്. പൊതു മിനിമം പരിപാടിയും രാജ്യവ്യാപക ജാതിസെൻസസ് നടപ്പാക്കുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും ജെഡിയു ഉന്നയിച്ചിട്ടുണ്ട്.
ജെഡിയു ടിഡിപി വിലപേശല്‍ നിലനില്‍ക്കെയാണ് ബിജെപിയുടെ പാർലമെന്ററി സമിതി യോഗം ഇന്ന് ചേരുന്നക്. പഴയ പാർലമെന്റ് മന്ദിരത്തില്‍ ചേരുന്ന യോഗത്തില്‍ എൻഡിഎ എംപിമാരും ബിജെപി സംസ്ഥാന പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും. വകുപ്പുകള്‍ സംബന്ധിച്ചും യോഗത്തില്‍ ധാരണയായേക്കും. ഇതിനുശേഷമായിരിക്കും രാഷ്ട്രപതിയെ കാണുക.