നീലേശ്വരം: ജീവിതം റെയില്‍വേ ട്രാക്കില്‍ അവസാനിപ്പിക്കാൻ തീരുമാനിച്ച് പുറപ്പെട്ട മാതാവിനെയും കൈക്കുഞ്ഞുങ്ങളെയും സമയോചിതമായ ഇടപെടലില്‍ നീലേശ്വരം പൊലീസ് അത്ഭുതകരമായി രക്ഷിച്ചു.
കുടുംബപ്രശ്നമാണ് ഈ കുടുംബത്തെ കടുത്ത തീരുമാനത്തില്‍ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. മാതാവ് രണ്ട് കുട്ടികളോടൊപ്പം പേരോലില്‍നിന്ന് ഓട്ടോയില്‍ ഇറങ്ങി ട്രാക്കില്‍ കൂടി നടന്നുപോകുന്നതില്‍ സംശയം തോന്നിയ ഒരു വ്യക്തി ഉടൻ നീലേശ്വരം പൊലീസില്‍ വിവരമറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ്- ഇൻസ്പെക്ടര്‍മാരായ ടി. വിശാഖ്, വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ ആനന്ദകൃഷ്ണൻ, അജിത് കുമാര്‍ ജയേഷ്, ഹോംഗാര്‍ഡ് പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് പേരോലിലും നീലേശ്വരം റെയില്‍വേ സ്റ്റേഷൻ പരിസരങ്ങളിലും റെയില്‍വേ ട്രാക്കുകളിലും പരിശോധന നടത്തി.
തുടര്‍ന്ന് വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മാറി റെയില്‍വേ ട്രാക്കില്‍ കൈക്കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ചും രണ്ടാമത്തെ കുഞ്ഞിനെ ചേര്‍ത്തിരുത്തിയും കരഞ്ഞുകൊണ്ട് യുവതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഉടൻ ഇവരെ ട്രാക്കില്‍നിന്ന് മാറ്റി നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രശ്നങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പുനല്‍കി വീട്ടിലേക്ക് തിരിച്ചയച്ചു. മൂന്ന് ജീവനുകള്‍ പൊലിയാതെ കാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്നിലെ ഉദ്യോഗസ്ഥര്‍.