ഡൽഹി: കഴിഞ്ഞ നാല് ആഴ്ചയില്‍ ഇന്ത്യയിലെ പുതിയ കോവിഡ് കേസുകൾ 52 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം 656 ആയി വര്‍ധിച്ചിട്ടുണ്ട്. സജീവ കേസുകളുടെ 3,742 ആയി ഉയര്‍ന്നു. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും മംബൈയിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
കേരളത്തില്‍ നാല് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 50 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് കോവിഡ് വൈറസ് വ്യാപിച്ചതിന് ശേഷമുള്ള മൊത്തം അണുബാധകളുടെ എണ്ണം 81,72,135 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പിന്റെ ദൈനംദിന ബുള്ളറ്റിന്‍ പറയുന്നു. പുതിയ കേസുകളില്‍ ഒമ്പത് എണ്ണം ജെഎന്‍.1 കാരണമാണ് ഉണ്ടായിരിക്കുന്നത്.
തമിഴ്നാട്ടിൽ കോവിഡിന്റെ 21 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം ശനിയാഴ്ച 123 ആയി. എന്നാല്‍ കോവിഡ് ബാധിച്ച് പുതിയ മരണം ഒന്നും ഇതുവരെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കര്‍ണാടകയില്‍ ഞായറാഴ്ച 73 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഡിസംബര്‍ 15 മുതല്‍ നാല് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ സജീവ കേസുകളുടെ എണ്ണം 344 ആയി.
ഇന്ത്യയിലുള്‍പ്പെടെ ആഗോളതലത്തില്‍ കോവിഡ് വൈറസിന്റെ പുതിയ ജെഎന്‍.1 ഉപവകഭേദത്തിന്റെ അതിവേഗ വര്‍ധന സര്‍ക്കാരുകളെയും ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഗുരുതരമായ അണുബാധകളോ ആശുപത്രിവാസങ്ങളോ ജെഎന്‍.1 ഉണ്ടാക്കുന്നില്ലെന്നതില്‍ ആശ്വാസമുണ്ട്. വിദഗ്ദരുടെ അഭിപ്രായത്തില്‍, ജെഎന്‍.1 കൂടുതല്‍ പകരുകയും പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.