വയനാട്ടിലേക്ക് ഇനി സാധനങ്ങൾ അയക്കേണ്ടതില്ല; സാമ്പത്തിക സഹായങ്ങൾക്ക് മുൻഗണന: മുഖ്യമന്ത്രി

വയനാട്ടിലേക്ക് ഇനി സാധനങ്ങൾ അയക്കേണ്ടതില്ല; സാമ്പത്തിക സഹായങ്ങൾക്ക് മുൻഗണന: മുഖ്യമന്ത്രി

വയനാട്: വയനാട്ടിലേക്ക് ഇനി സാധനങ്ങളല്ല പകരം സാമ്പത്തിക സഹായങ്ങൾക്ക് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നു പിണറായി വിജയന്‍ അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നും ആവശ്യമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ശനിയാഴ്ച വയനാട് സന്ദർശിക്കുന്നുണ്ട്. സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പൊതുവേ കേന്ദ്രസർക്കാരിൽ നിന്നും അനുകൂലമായ സമീപനമാണ് ഉള്ളത്.

ദുരന്തത്തിൻറെ ഗൗരവം കണക്കിലെടുത്ത് ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നും ഈ കാര്യങ്ങളില്‍ വയനാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. തുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് വിശദമായ കത്തും എഴുതിയിരുന്നു. ഈ വലിയ ദൗത്യത്തിന് കേന്ദ്രം നൽകുന്ന പിന്തുണയ്ക്ക് നന്ദിയും രേഖപ്പെടുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം വയനാട്ടിലേക്ക് ഇനി സാധനങ്ങള്‍‍ അയക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടറും അറിയിച്ചു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും.

നിലവിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കളക്ഷൻ സെന്ററിൽ സംഭരിച്ചുവെച്ചിട്ടുള്ളതാണ്. ആയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുന്നുവെന്നും കളക്ടർ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Leave a Reply