സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യില്‍നിന്നു (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസ്) രാജിവച്ച് ഗായകൻ സൂരജ് സന്തോഷ്.
സൈബർ ആക്രമണത്തില്‍ തന്നെ സംഘടനയിലെ ആരും തന്നെ പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് സൂരജ് സന്തോഷിന്റെ രാജി. രാമക്ഷേത്രത്തിന് ആശംസകളുമായി എത്തിയ കെ എസ് ചിത്രയെ രാഷ്ട്രീയപരമായി വിമർശിച്ചതിനാണ് സൂരജ് സന്തോഷിനെതിരെ സംഘപരിവാർ അണികള്‍ സൈബർ ആക്രമണം നടത്തിയത്. തനിക്കെതിരെ പലരും ഭീഷണി ഉയർത്തിയതായി കൈരളി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സൂരജ് തുറന്നു പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് സൂരജ് തന്റെ രാജി പ്രഖ്യാപിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ വസ്തുത മറച്ചുവെച്ചുകൊണ്ടുള്ള വാക്കുകള്‍ക്കെതിരെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റുമായി സൂരജ് എത്തിയത്. ചിത്രയെപ്പോലെയുള്ള കപടമുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ടെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം. ഇത് തന്റെ വ്യക്തമായ രാഷ്ട്രീയ നിലപാടാണ് എന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. പള്ളി പൊളിച്ചിടത്ത് അമ്ബലം പണിയുന്നത് ഇന്ത്യയിലെ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മനുഷ്യർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നും സൂരജ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഗായകൻ അതുല്‍ നറുകരയടക്കം നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ സൂരജിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഗായക സംഘടന മാത്രം വിഷയത്തില്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.