കൻസാസ് സിറ്റി: യുഎസില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കുട്ടികളടക്കം 21 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച കൻസാസ് സിറ്റിയില്‍ നടന്ന ചീഫ്സ് സൂപ്പർ ബൗള്‍ വിക്ടറി റാലിക്കിടെയാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന് പിന്നാലെ 17 വയസ് വരെയുള്ള കുട്ടികളെ ചില്‍ഡ്രൻ മേഴ്സി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 12 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഇവരില്‍ 11 പേരും ചെറിയ കുട്ടികളാണ്.
പരിക്കേറ്റ് ആശുത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒമ്ബത് വെടിയുണ്ടകളേറ്റവരും ഉണ്ട്. സ്ഥലത്തെത്തിയ ആക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡയില്‍ എടുത്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ എന്താണ് കാരണം എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. വെടിയേറ്റവർക്ക് ജീവന് പോലും ഭീഷണിയാകുന്ന തരത്തിലുള്ള പരിക്കുകളേറ്റിട്ടുണ്ടെന്ന് കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് മേധാവി റോസ് ഗ്രണ്ടിസണ്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആള്‍ക്കൂട്ടത്തിന് നേർക്കാണ് അക്രമികള്‍ വെടിയുതിർത്തത്. പിന്നാലെ ആളുകള്‍ ചിതറിയോടി സുരക്ഷിത സ്ഥാനത്തേക്ക് മാറി. സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം ആക്രമണം നടന്ന സ്ഥലത്ത് വച്ച് തന്നെ വേണ്ടവർക്ക് ചികിത്സ നല്‍കി. കൻസാസ് സിറ്റി മേയർ ക്വിന്റണ്‍ ലൂക്കാസ് ഉള്‍പ്പെടെയുള്ള വിഐപികള്‍ പങ്കെടുത്ത പരിപാടിക്ക് നേരെയാണ് അക്രമികള്‍ വെടിയുതിർത്തത്.