ബെംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.
കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലെ യുവാവാണ് രാമക്ഷേത്രത്തിന് മുകളില്‍ പാകിസ്ഥാന്റെ പതാകയും അതിന് താഴെ ബാബറി മസ്ജിദ് എന്ന എഴുത്തും ചേര്‍ത്ത് ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. യുവാവ് ഷെയര്‍ ചെയ്ത ചിത്രം വൈറലായതോടെ ഹിന്ദു ആക്റ്റിവിസ്റ്റുകള്‍ ഇക്കാര്യം ശ്രദ്ധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. താജുദ്ദീന്‍ ദഫാദാര്‍ എന്ന യുവാവാണ് അറസ്റ്റിലായത്.
കസ്റ്റഡിയിലെടുത്ത ശേഷം യുവാവിനെക്കൊണ്ട് പൊലീസ് ഫേസ്ബുക്കില്‍ നിന്ന് ചിത്രം നീക്കം ചെയ്യിക്കുകയും ചെയ്തു. ഗഡാഗ് സ്വദേശിയാണ് അറസ്റ്റിലായ താജുദ്ദീനെന്നും ഇയാള്‍ക്ക് മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും ഗഡാഗ് എസ്.പി ബാബാസാബ് നെമാഗൗഡ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ താന്‍ ഫേസ്ബുക്കില്‍ കണ്ട ഒരു ചിത്രം ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.