പാര്‍ലമെന്‍റ് ആക്രമണം:നാല് പേരെ ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റ‍ഡിയില്‍ വിട്ടു പ്രതികള്‍ക്കെതിരെയുഎപിഎ ചുമത്തി

പാര്‍ലമെന്‍റ് ആക്രമണം:നാല് പേരെ ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റ‍ഡിയില്‍ വിട്ടു പ്രതികള്‍ക്കെതിരെയുഎപിഎ ചുമത്തി

ന്യൂദല്‍ഹി: പാര്‍ലമെന്‍റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ലോക്സഭയുടെ ഗ്യാലറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി സ്പ്രേ അടിച്ച്‌ അക്രമം നടത്തിയ നാല് പേരെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി.

ഇവര്‍ക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിട്ടുമുണ്ട്.
വലിയ ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതിയില്‍ വാദിച്ച പൊലീസ് രണ്ടാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളെ ഒരാഴ്ച മാത്രം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ, നീലം വര്‍മ്മ, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ രാവിലെ സസ് പെൻ്റ് ചെയ്തു. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ പശ്ചാത്തലത്തില്‍ ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.

പാര്‍ലമെന്‍റിനകത്ത് അക്രമം നടത്തിയ സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരേയും പുറത്ത് പ്രതിഷേധിച്ച അമോലിനെയും നീലംദേവിയെയും സംഭവം നടന്നയുടന്‍ പൊലിസ് പിടികൂടിയിരുന്നു. ഇവരെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കി ശര്‍മ്മയെയും പിടികൂടി. സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ ലളിത് ജാ എന്ന ആറാമനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ലമെൻ്റില്‍ ഇന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന കവാടമായ മകര്‍ ദ്വാര്‍ വഴിയുള്ള പ്രവേശനം എം.പിമാര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ലമെൻ്റ് വളപ്പില്‍ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്.

പാര്‍ലമെൻ്റിന്റെ 200 മീറ്റര്‍ അകലെവച്ച്‌ വാഹനങ്ങള്‍ തടഞ്ഞ് പോലീസ് പരിശോധന കര്‍ശനമാക്കി. പാര്‍ലമെൻ്റ് വളപ്പിലെ സുരക്ഷാ ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply