ഡൽഹി: പാർലമെന്റിലെ അതിക്രമ കേസിൽ ആരോപണവിധേയനായ അഞ്ചാം പ്രതിയും മുഖ്യ സൂത്രധാരനുമായ കൊൽക്കത്ത സ്വദേശിയായ ലളിത് ഝാ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ കർത്തവ്യ പഥ് പൊലിസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഇയാൾ കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. രാജസ്ഥാനിലെ നഗൌരിയിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ലളിതിനെ പൊലിസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കേസിൽ 6 പേരാണ് ഉള്ളതെന്ന് ദില്ലി പൊലിസ് നേരത്തെ പറഞ്ഞിരുന്നു. ലളിത് ഝാ കീഴടങ്ങിയതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
അതേസമയം, പ്രതി ലളിത് ഝാ തൃണമൂൽ കോൺഗ്രസ് എംഎൽഎ തപസ് റോയ്ക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയെ ചൊല്ലി, ബിജെപി-തൃണമൂൽ പാർട്ടികൾ തമ്മിൽ കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി മൂന്നിന് നടന്ന ഒരു സരസ്വതി പൂജ ചടങ്ങിൽ വച്ചെടുത്ത ഫോട്ടോയാണിത്. ഇത് ലളിത് ഝാ സമൂഹ മാധ്യമങ്ങളിൽ അന്ന് പങ്കുവച്ചിരുന്നു.
“നമ്മുടെ ജനാധിപത്യ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനായ ലളിത് ഝാ, തൃണമൂൽ കോൺഗ്രസ് നേതാവായ തപസ് റോയിയുമായി വളരെക്കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. നേതാവിന്റെ ഒത്താശയെക്കുറിച്ചുള്ള അന്വേഷണത്തിന് ഇത് മതിയായ തെളിവല്ലേ?” ബിജെപിയുടെ പശ്ചിമ ബംഗാൾ പ്രസിഡന്റ് സുകാന്ത മജുംദാർ ട്വീറ്റ് ചെയ്തു.
അതേസമയം, ഈ ആരോപണങ്ങൾ തപസ് റോയി തള്ളിക്കളഞ്ഞു. “ഈ സോഷ്യൽ മീഡിയ പോസ്റ്റിന് ഒരു വിലയുമില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് വളരെയധികം പിന്തുണക്കാരും സഹകാരികളുമുണ്ട്. അന്വേഷണം നടക്കട്ടെ. തെളിയിച്ചാൽ രാഷ്ട്രീയം വിടും. ഞങ്ങൾ രാഷ്ട്രീയക്കാരാണ്. പലരും നമുക്കൊപ്പം ചിത്രമെടുക്കുന്നു. 2020 ഫെബ്രുവരിയിലാണെന്ന് ഞാൻ കേട്ടു. ഏകദേശം നാല് വർഷം മുമ്പ്. എനിക്ക് അവനെ അറിയില്ല. പാർലമെന്റ് സുരക്ഷ ഗൗരവമുള്ള വിഷയമാണ്. അന്വേഷണം വഴിതിരിച്ചുവിടുന്നതിന് പകരം, യഥാർത്ഥ അന്വേഷണം നടക്കട്ടെ,” തപസ് പറഞ്ഞു.