ജയ്പൂർ: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങുള്ള സംസ്ഥാനത്ത് 199 ഇടത്താണ് വോട്ടെടുപ്പ്. കോൺഗ്രസ് സ്ഥാനാർഥി മരിച്ചതിനാൽ കരൺപൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതലാണ് തെരഞ്ഞെടുപ്പ്. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.വൈകീട്ട് ആറ് വരെ വോട്ട് ചെയ്യാൻ അവസരമുണ്ട്. വോട്ടർമാരിൽ 1,70,99,334 ആളുകൾ 18നും 30നും ഇടയിൽ പ്രായമുള്ളവരാണ്. 22,61,008 പേർ കന്നിവോട്ടർമാരാണ്.
ഭരണ വിരുദ്ധ വികാരമില്ലെന്നാണ് കോൺഗ്രസ് വാദം. എന്നാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെയും സച്ചിന്‍ പൈലറ്റിന്‍റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. രാജേഷ് പൈലറ്റിനോടുള്ള വിരോധത്തില്‍ സച്ചിനെ കോണ്‍ഗ്രസ് വഞ്ചിച്ചുകൊണ്ടേയിരിക്കുന്നുവെന്ന പരാമര്‍ശം പ്രചാരണത്തിന്‍റെ അവസാന ദിനം പ്രധാനമന്ത്രി തൊടുത്തു വിട്ടതും കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്.


 
                                         
                                        