മുംബൈ | രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായതോടെ ഇരു സ്ഥലങ്ങൾക്കുമിടയിൽ നേരത്തെ രണ്ട് മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന യാത്ര 20 മിനുട്ടായി ചുരുങ്ങി. 2016 ഡിസംബറിലാണ് മോദി ഈ പാലത്തിന്റെ തറക്കല്ലിട്ടത്. 17,843 കോടി രൂപയാണ് പാലത്തിന്റെ ആകെ ചെലവ്. 21.8 കിലോമീറ്റർ നീളമുള്ള ആറുവരിപ്പാലം മുംബൈ ട്രാൻസ് ഹാർബർ സീ-ലിങ്ക് (MTHL) എന്നും അറിയപ്പെടുന്നു. പാലത്തിന്റെ 16.5 കിലോമീറ്റർ ഭാഗം കടലിലും 5.5 കിലോമീറ്റർ ഭാഗം കരയിലുമാണ്. പ്രതിദിനം 70,000 വാഹനങ്ങളാണ് ഈ പാലത്തിന്റെ ശേഷി. നിലവിൽ പ്രതിദിനം അൻപതിനായിരത്തോളം വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്.
എം ടി എച്ച് എൽ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, പാലം ഉപയോഗിക്കുക വഴി പ്രതിവർഷം ഒരു കോടി ലിറ്റർ ഇന്ധനം ലാഭിക്കാനാകും. ഇത് പ്രതിദിനം ഒരു കോടി ഇവികളിൽ നിന്ന് ലാഭിക്കുന്ന ഇന്ധനത്തിന് തുല്യമാണ്. ഇതുകൂടാതെ, മലിനീകരണ തോത് കുറയുന്നതിനാൽ ഏകദേശം 25,680 മെട്രിക് ടൺ കാർബൺ ബഹീർഗമനവും കുറയും. 1.78 ലക്ഷം മെട്രിക് ടൺ സ്റ്റീലും 5.04 ലക്ഷം മെട്രിക് ടൺ സിമന്റുമാണ് പാലം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. പാലത്തിൽ 400 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷികളുടെയും സമുദ്രജീവികളുടെയും സുരക്ഷയ്ക്കായി പാലത്തിൽ സൗണ്ട് ബാരിയറുകളും വിപുലമായ ലൈറ്റിംഗും സ്ഥാപിച്ചിട്ടുണ്ട്. നൂറ് വർഷമാണ് പാലത്തിന് ആയുസ് കണക്കാക്കിയിരിക്കുന്നത്.