ദില്ലി: മണിപ്പൂര്‍ അവിശ്വാസ പ്രമേയത്തിന് മേൽ മറുപടി നൽകാൻ ലോക്സഭയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.. കേന്ദ്രത്തിന്‍റെ വളർച്ചയെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും എതിർത്തും മാത്രം ആദ്യ മണിക്കൂറുകളിൽ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളിച്ചു.
മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നു മാത്രമായിരുന്നു മോദിയുടെ മറുപടി.ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ശേഷമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. കൂടാതെ സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.
മണിപ്പൂരിലെ സ്ത്രീകൾക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരതയാണെന്നും മോദി സമ്മതിച്ചു.ഇന്ത്യ നിങ്ങൾക്കൊപ്പമുണ്ടെന്നും സ്ത്രീകളും കുട്ടികളും ഇനി ഭയപ്പെടേണ്ടതില്ലെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു.