പിഎം ശ്രീയില്‍ ‘വെറുതെ വിടില്ല’; സർക്കാരിനെതിരെ ആയുധമാക്കാൻ കോൺഗ്രസ്, അഭിനന്ദനം അറിയിച്ചു: എബിവിപി

പിഎം ശ്രീയില്‍ ‘വെറുതെ വിടില്ല’; സർക്കാരിനെതിരെ ആയുധമാക്കാൻ കോൺഗ്രസ്, അഭിനന്ദനം അറിയിച്ചു: എബിവിപി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ ആയുധമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രക്ഷോഭത്തിലേക്ക് കടക്കും. സംസ്ഥാന വ്യാപക സമരത്തിനാണ് കെഎസ്‌യു ഒരുങ്ങുന്നത്.
കെഎസ്‌യുവിന് പുറമെ യൂത്ത് കോൺഗ്രസ്സും സമരത്തിലേക്കിറങ്ങും. പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് നടത്താനിരിക്കുന്ന സമരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും.

പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെ എബിവിപി അഭിനന്ദിച്ചു. എബിവിപി നേതാക്കൾ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അനുമോദിച്ചത്.

എന്നാൽ പിഎം ശ്രീയിൽ ഒപ്പുവെച്ച നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് എഐഎസ്എഫും സിപിഐ അധ്യാപക സംഘടന എകെഎസ്ടിയുവും രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

സംഘ പരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതിശക്തമായ സമരങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സർക്കാരിന്റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എഐഎസ്എഫ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ ആശങ്കയുണ്ടെന്ന് എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ പറഞ്ഞു. ആശങ്കയുണ്ടെന്നും അക്കാര്യം ആദ്യമേ ഉന്നയിച്ചിരുന്നുവെന്നും ജയകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് വിദ്യാഭ്യാസ സെക്രട്ടറി പദ്ധതിയിൽ ഒപ്പുവെച്ചത്. ഇതോടെ പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ ഭരണസംവിധാനമായി കേരളം മാറി. പിന്നാലെ തടഞ്ഞു വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടൻ സംസ്ഥാനത്തിന് കൈമാറും.

കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തങ്ങളുടെ എതിർപ്പിനെ മുഖവിലയ്‌ക്കെടുക്കാതെ വിവാദ പദ്ധതിയിൽ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തൽ.

പിഎം ശ്രീയിൽ ഒപ്പിടുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം സിപിഐ മന്ത്രിമാരോട് നിർദേശിച്ചിരുന്നു. എന്നാൽ മന്ത്രിസഭയിൽ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഗൗനിക്കാത്തതിൽ സിപിഐക്ക് കടുത്ത അമർഷമുണ്ടായിരുന്നു. പാർട്ടി തീരുമാന പ്രകാരം റവന്യു മന്ത്രി കെ രാജൻ മന്ത്രിസഭയിൽ വിഷയം എടുത്തിട്ടിട്ടും മുഖ്യമന്തി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോ പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് എതിർപ്പുകളെല്ലാം മറികടന്ന് പിഎം ശ്രീ ധാരണാ പത്രത്തിൽ സംസ്ഥാനം ഒപ്പുവെച്ചത്. സംഭവത്തിൽ പ്രതികരിക്കാൻ ബിനോയ് വിശ്വം ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. സിപിഐയുടെ അടുത്ത നീക്കം പാർട്ടി സെക്രട്ടറി വിശദീകരിക്കും. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും ഇന്ന് ചേരും.

Leave a Reply