ഗസ്സ സ്കൂളില്‍ പോയിന്‍റ് ബ്ലാങ്കില്‍ അറുകൊല

ഗസ്സ സ്കൂളില്‍ പോയിന്‍റ് ബ്ലാങ്കില്‍ അറുകൊല

ഗസ്സ സിറ്റി: കനത്ത വ്യോമാക്രമണങ്ങള്‍ മഹാദുരന്തം തീര്‍ക്കുന്ന ഗസ്സയില്‍ ആകാശത്തുനിന്ന് ബോംബറുകള്‍ തീമഴ പെയ്യാത്തിടത്ത് നേരിട്ടെത്തിയും ഇസ്രായേല്‍ സൈനിക അറുകൊല.

ജബലിയ അഭയാര്‍ഥി ക്യാമ്ബിലെ ഷാദിയ അബൂഗസാല സ്കൂളിലാണ് കുട്ടികളും സ്ത്രീകളുമടക്കം സിവിലിയന്മാരെ പോയിന്റ് ബ്ലാങ്കില്‍ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നത്. മേഖലയൊന്നാകെ വ്യോമാക്രമണം ശക്തമായതോടെ പരിസരങ്ങളില്‍നിന്നുള്ളവര്‍ ഈ സ്കൂളിലായിരുന്നു അഭയം തേടിയത്. ഇവിടെയാണ് സൈന്യമിറങ്ങി നിരവധി പേരെ വെടിവെച്ചുകൊന്നത്.

കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടില്ലെങ്കിലും അകത്ത് മൃതദേഹങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് പറയുന്നു. പുരുഷന്മാരെ പിടിച്ചുകൊണ്ടുപോയ ശേഷമാണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ സൈന്യം വെടിവെപ്പ് നടത്തിയത്. അതേ സമയം, ഗസ്സയെ മരുപ്പറമ്ബാക്കി മാറ്റി ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുമ്ബോള്‍ മൃതദേഹങ്ങള്‍ ഖബറടക്കാൻ സ്ഥലമില്ലാതെ നിസ്സഹായരാവുകയാണ് ഫലസ്തീനികളെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ആക്രമണം തുടങ്ങിയതു മുതല്‍ വടക്കൻ ഗസ്സയില്‍ നിന്ന് പലായനം ചെയ്തവരില്‍ ഭൂരിഭാഗവും ജബലിയ അഭയാര്‍ഥി ക്യാമ്ബിലാണ് അഭയം തേടിയത്. ഇതിനടുത്തുള്ള മാര്‍ക്കറ്റ് കൂട്ടക്കുഴിമാടമാക്കിയിരിക്കുകയാണ് ഗസ്സവാസികള്‍.

Leave a Reply