ന്യൂഡല്‍ഹി: റോഡരികില്‍ നിസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
ഡല്‍ഹിയിലെ ഇന്ദർലോക് ഏരിയിലാണ് സംഭവം നടന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പുറത്തുവന്ന വീഡിയോയില്‍ പള്ളിയ്ക്ക് അടുത്തുള്ള റോഡരികില്‍ കുറച്ച് പേർ നിസ്‌കരിക്കുന്നതും ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട് അവരെ ചവിട്ടുന്നതും കാണാം. രണ്ട് പേരെ പൊലീസ് ചവിട്ടുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയർന്നു.
ഇന്ന് നടന്ന സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും ആ പൊലീസുകാരെ സസ്പെൻഡ് ചെയ്തെന്നും ഡല്‍ഹി നോർത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം കെ മീണ പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പള്ളിയില്‍ തിരക്ക് കൂടുതലായതിനാലാണ് കുറച്ച് പേർ റോഡരികില്‍ ഇരുന്ന് നിസ്‌കാരിച്ചതെന്നാണ് വിവരം. ഇവരെ ചവിട്ടിയതിന് പിന്നാലെ സ്ഥലത്ത് ജനങ്ങളും പൊലീസും തമ്മില്‍ ഉന്തുതള്ളുമായി. ഇതിനെ തുടർന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


 
                                         
                                        