തലശേരി: ചൊക്ലി പുല്ലൂക്കരയിലെ ഭര്‍തൃമതിയായ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചൊക്ലി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
പുല്ലൂക്കര കാരപൊയിലിലെ പുത്തലത്ത് വീട്ടില്‍ റയീസിന്റെ ഭാര്യ പെട്ടിപ്പാലം ആശാരി പുളിക്കല്‍ വീട്ടില്‍ ഷഫ്‌നയെ(26) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കിണറിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ നിന്നും രക്തം പുരണ്ട കത്തി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ കഴുത്തിലും കൈത്തണ്ടയിലും മുറിവുകള്‍ ഉള്ളതായി പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.]
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം കബറടക്കത്തിനായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഫോറന്‍സിക് സര്‍ജന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുകയുള്ളുവെന്ന് ചൊക്ലി പൊലീസ് അറിയിച്ചു. മരണകാരണമെന്തെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
കുളിമുറിയില്‍ നിന്നും കണ്ടെത്തിയ രക്തം പുരണ്ട കത്തി വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് ഷഫ്‌നയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രി ഭര്‍ത്താവിനോടും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പെരിങ്ങത്തൂര്‍ എക്‌സ്‌പോ കണ്ടു മടങ്ങിയെത്തിയ ഷഫ്‌നയെ രാവിലെ ഏഴു മണിയോടെ കാണാതാവുകയായിരുന്നു.
വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പാനൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്ത് തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഗള്‍ഫില്‍ ചെയ്യുന്ന റയീസും ഷഫ്‌നയും അഞ്ച് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ക്ക് നാലുവയസുള്ള സബാ മറിയയെന്ന മകളുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന റയീസ് ഒരാഴ്ച്ച മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. അബൂബക്കര്‍ – ഫാത്തിമ ദമ്പതികളുടെ മകളാണ് ഷഫ്‌ന.