കാനത്തിന് അന്ത്യാഞ്ജലിയർപ്പിച്ച് രാഷ്ട്രീയ കേരളം തലസ്ഥാനത്ത് പൊതുദർശനം,ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക്

കാനത്തിന് അന്ത്യാഞ്ജലിയർപ്പിച്ച് രാഷ്ട്രീയ കേരളം തലസ്ഥാനത്ത് പൊതുദർശനം,ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക്

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പ്രത്യേക വിമാനത്തിലാണ് കാനം രാജേന്ദ്രൻറെ മൃതദേഹം തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിമാനത്താവളത്തിൽ പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും പ്രിയ സഖാവിന് അഭിവാദ്യം അർപ്പിച്ചു.ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടം പി.എസ്. സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും.

മൃതദേഹത്തിനൊപ്പം മന്ത്രിമാരായ കെ.രാജൻ, പി. പ്രസാദ്, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം, കാനത്തിൻറെ മകൻ സന്ദീപ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. കാനത്തിന് അന്തിമോപചാരമർപ്പിക്കാൻ മന്ത്രി ജി.ആർ അനിൽ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ, പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.

പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജീവിതത്തിൻറെ നാനാതുറകളിലുള്ളവർ പട്ടത്തെ ഓഫീസിലേയ്ക്ക് എത്തുകയാണ്. രണ്ട് മണിക്ക് മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നവകേരളസദസിനിടെ ആശുപത്രിയിലെത്തി ഇന്നലെ തന്നെ കാനം രാജേന്ദ്രന് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

കാനത്തിന്റെ മരണത്തെ തുടർന്ന് നവകേരള സദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ‍ഞായറാഴ്ചയാണ് നവകേരള സദസ് നടക്കുക.

Leave a Reply