പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മോദി കേരളത്തിൽ എത്തുന്നത്. നാളെ ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് തൃശ്ശൂരിലേക്ക് പോകും. ഇവിടെ റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും.
3 മണിക്ക് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ എത്തുന്ന പ്രധാനമന്ത്രി തുടർന്ന് റോഡ് മാർഗം തൃശൂരില്‍ എത്തും. ഇവിടെ നിന്ന് കലക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്. തുടർന്ന് ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാസമ്മേളനം നടക്കും.എട്ട് ജില്ലകളിൽ നിന്നായി രണ്ടുലക്ഷത്തിലേറെ വനിതകൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് ബിജെപി അറിയിക്കുന്നത്.
ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 200-ഓളം മഹിളാ വാളന്റിയർമാർ സമ്മേളന നഗരി നിയന്ത്രിക്കുമെന്നാണ് റിപ്പോർട്ട്. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ . സമ്മേളനത്തിൽ മഹിളാ പ്രവർത്തകർക്കു പുറമെ അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ പങ്കാളികളാകും. ബീനാ കണ്ണൻ, ഡോ.എം.എസ് സുനിൽ ,വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.