വോട്ട് ഭൂരിപക്ഷത്തില്‍ സോണിയ ഗാന്ധിയെയും മറികടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2019 ല്‍ റായ്ബറേലിയില്‍ സോണിയ ഗാന്ധി വിജയിച്ച 1,67,178 വോട്ടിന്റെ ഭൂരിപക്ഷത്തെ വലിയ മാര്‍ജിനിലാണ് രാഹുല്‍ ഗാന്ധി മറികടന്നത്.
റായ്ബറേലി മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ച രാഹുല്‍ ഗാന്ധി വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെക്കാള്‍ മുന്നിലായിരുന്നു. ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങിനെതിരെ 3,88,742 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്.
2004 മുതല്‍ 2019 വരെ ഗാന്ധി കുടുംബത്തിന്റെ മറ്റൊരു വിശ്വസ്ത സീറ്റായിരുന്ന അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അമേഠിയില്‍ തോറ്റു. റായ്ബറേലിയില്‍ വര്‍ഷങ്ങളായി മത്സരിച്ചിരുന്ന സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുലെത്തി. റായ്ബറേലിക്ക് പുറമെ രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട്ടിലും ഇത്തവണ മത്സരിച്ചിരുന്നു. 3 ,64, 422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്.