മഴ മാറി, വനിതാ ലോകകപ്പ് കലാശപ്പോരിന് കളമൊരുങ്ങി; ഇന്ത്യക്ക് ബാറ്റിങ്

മഴ മാറി, വനിതാ ലോകകപ്പ് കലാശപ്പോരിന് കളമൊരുങ്ങി; ഇന്ത്യക്ക് ബാറ്റിങ്

മുംബൈ: മഴ മാറിയതോടെ മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ വനിതാ ലോകകപ്പ് കലാശപ്പോരിന് കളമൊരുങ്ങി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. രണ്ട് മണിക്കൂർ വൈകിയാണ് ടോസ് നടന്നത്. മത്സരം അഞ്ച് മണിക്ക് ആരംഭിക്കും. സെമിയിൽ കളിച്ച അതേ ടീമിനെ ഇരുടീമുകളും നിലനിർത്തി. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്.

രണ്ടുതവണ ഫൈനലിൽ കീഴടങ്ങേണ്ടിവന്നതിന്റെ വിഷമം തീർത്ത് കപ്പിൽ മുത്തമിടാൻ ടീം ഇന്ത്യയും, ആദ്യമായി കിരീടപോരാട്ടത്തിനെത്തിയത് കപ്പുമായി ആഘോഷിക്കാൻ ദക്ഷിണാഫ്രിക്കയും ലക്ഷ്യമിടുമ്പോൾ പോരാട്ടം കനക്കുമെന്നുറപ്പ്.

ഇതിനുമുൻപ്‌ രണ്ടുതവണ ഫൈനലിൽ കളിച്ചപ്പോഴും ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. അതിന്റെ മുറിവുണക്കാൻ ഇത്തവണ ജയം അനിവാര്യമാണ്. 2005-ൽ ഓസ്‌ട്രേലിയയോടും 2017-ൽ ഇംഗ്ലണ്ടിനോടുമാണ് കിരീടം അടിയറവെച്ചത്. മൂന്നാമങ്കത്തിൽ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും.

സെമിഫൈനലിൽ റെക്കോഡ് റൺചേസോടെ ഓസ്‌ട്രേലിയയെ മറികടന്നത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പകരംവീട്ടാമെന്ന മോഹവും മത്സരത്തിനിറങ്ങുമ്പോൾ ടീമിനുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ചരിത്രവും ടീമിന് അനുകൂലമാണ്.

ആദ്യമായി ഫൈനലിൽ കടന്നതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക. സെമിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ അനായാസം മറികടന്നത് പ്രതീക്ഷയുയർത്തിയിട്ടുണ്ട്. ക്യാപ്റ്റൻ ലോറ വോൾവർത്തും ഓൾറൗണ്ടർ മരിസാന കാപ്പുമാണ് ടീമിന്റെ മുഖ്യപ്രതീക്ഷ. ബാറ്റിങ്ങിൽ ടസ്മിൻ ബ്രിറ്റ്‌സ്, ഓൾറൗണ്ടർമാരായ ക്ലോയി ട്രയോണും നദീൻ ഡി ക്ലർക്കും ഫോമിലേക്കുയർന്നാൽ ടീമിന് ജയിക്കാൻ കഴിയും. ഇന്ത്യക്കെതിരായ മത്സരത്തിൽ നദീനാണ് കളിയിലെ താരമായത്. അന്ന് ക്ലോയിയും തിളങ്ങിയിരുന്നു.

ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്കെത്തുന്നത്. ക്യാപ്റ്റൻ വോൾവർത്ത് മുന്നിൽനിന്ന് നയിക്കുന്ന ബാറ്റിങ് നിരയാണ് ടീമിന്റെ കരുത്ത്. വലിയ സ്കോർ പടുത്തുയർത്താനും ചേസ് ചെയ്യാനുമുള്ള ആഴം ബാറ്റിങ് നിരയ്ക്കുണ്ട്.

ഇന്ത്യൻ ടീം: ഷഫാലി വർമ്മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ, റിച്ചാ ഘോഷ്, അമൻജോത് കൗർ, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂർ

ദക്ഷിണാഫ്രിക്കൻ ടീം: ലോറ വോൾവാർട്ട്, ടാസ്മിൻ ബ്രിറ്റ്സ്, അന്നകെ ബോഷ്, സുനെ ലൂസ്, മരിസാനാ കാപ്പ്, സിനാലോ ജാഫ്ത, അനെറി ഡെർക്സൻ, ക്ലോയി ട്രയോൺ, നദീൻ ഡി ക്ലർക്ക്, അയാബോംഗ ഖാക്ക, നോങ്കുലുലേക്കോ മ്ലാബ

Leave a Reply