ജയ്പൂർ: രാജസ്ഥാനിലെ കോട്ടയില്‍ മഹാശിവരാത്രി ഘോഷയാത്രക്കിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് 14 കുട്ടികള്‍ക്ക് പൊള്ളലേറ്റു.
രണ്ടുകുട്ടികളുടെ നില ഗുരുതരമാണെന്നും മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഹീരലാല്‍ നാഗർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 11.30നും 12നും ഇടയിലായിരുന്നു സംഭവം. ഘോഷയാത്രയിലുണ്ടായിരുന്ന ഒരു കുട്ടിയുടെ കൈയിലുണ്ടായിരുന്ന 22 അടി ഉയരമുള്ള കൊടികെട്ടിയ മുളവടി വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകട കാരണമെന്നും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു കുട്ടികള്‍ക്ക് ഷോക്കേറ്റതെന്നും കോട്ട സിറ്റി പൊലീസ് സൂപ്രണ്ട് അമൃത ദുഹാൻ അറിയിച്ചു.
പരിക്കേറ്റ കുട്ടികളെല്ലാം എം.ബി.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 10 മുതല്‍ 16 വരെ പ്രായമുള്ളവർക്കാണ് ഷോക്കേറ്റത്. ലോക്സഭ സ്പീക്കർ ഓം ബിർല പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദർശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.