നടൻ രൺബീർ കപൂറിന് ഇഡി നോട്ടിസ് : ചോദ്യം ചെയ്യലിന്‌ ഹാജരാക്കാൻ ആവശ്യപ്പെട്ടു

നടൻ രൺബീർ കപൂറിന് ഇഡി നോട്ടിസ് : ചോദ്യം ചെയ്യലിന്‌ ഹാജരാക്കാൻ ആവശ്യപ്പെട്ടു

മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. ഒക്‌ടോബർ 6ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചാണ് നോട്ടിസ്. ആപ്പിന്റെ പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൺബീർ കപൂറിന് പേയ്‌മെന്റുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. മഹാദേവ് ഓൺലൈൻ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് നടന്മാരും ഗായകരും ഇ‍ഡിയുടെ നിരീക്ഷണത്തിലാണ്. ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി തുടങ്ങി മുൻനിര ബോളിവുഡ് താരങ്ങളാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്. ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ വച്ചു നടന്ന മഹാദേവ് ആപ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും കമ്പനിയുടെ വിജയാഘോഷത്തിലും ബോളിവുഡ് താരങ്ങൾ പങ്കെടുത്തതും ഇഡി അന്വേഷിക്കുന്നുണ്ട്.

സൗരഭ് ചന്ദ്രകാറിന്റെ വിവാഹ ചടങ്ങുകൾക്കായി 200 കോടി രൂപ ചെലവഴിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇഡി ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം വിവാഹ ചടങ്ങുകൾക്കായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 112 കോടി രൂപ ഹവാല വഴി കൈമാറി. എന്നാൽ, ഹോട്ടൽ ബുക്കിങ്ങിനുള്ള 42 കോടി രൂപ പണമായാണ് നൽകിയത്. കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഇവരുടെ പ്രവർത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചാണ്. ഈ ആപ്പിൽനിന്ന് ഇരുവരും ചേർന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നു.

ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 39 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 417 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. എഎസ്‌ഐ ചന്ദ്രഭൂഷൺ വർമ, ഹവാല ഇടപാടുകാരായ റായ്പുർ സ്വദേശികളായ സതീഷ് ചന്ദ്രകർ, അനിൽ ദമ്മാനി, സുനിൽ ദമ്മാനി എന്നിവരെയാണ് പിടികൂടിയത്. കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമയ്ക്കും പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

Leave a Reply