ആലപ്പുഴ ചേർത്തലയിൽ ശാന്തിപ്പണി പഠിക്കാനെത്തിയ പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച ശാന്തിക്കാരനെ 111 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. പൂച്ചാക്കൽ പാണാവള്ളി സ്വദേശി രാജേഷ് (42) നെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 6.25 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിൽ പറയുന്നു.
ചേർത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പകളിലായാണ് ശിക്ഷ വിധിച്ചത്. പിഴ തുക ഇരയായ കുട്ടിക്ക് നൽകണം. പിഴ നൽകാത്ത പക്ഷം ആറു വര്ഷം കൂടി ശിക്ഷ അനുഭവിക്കണം.
മണപ്പുറത്തിന് സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു രാജേഷ്. ശാന്തിപ്പണി പഠിക്കുന്നതിനായി രാജേഷിനെ സമീപിച്ച പത്ത് വയസുകാരനെ രാജേഷ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകാൻ ശ്രമിക്കുകയായിരുന്നു. ശാന്തിമഠത്തിൽവെച്ച് രാത്രി ഉറങ്ങുകയായിരുന്ന കുട്ടിയുടെ അടുത്ത് പൂർണ നഗ്നനായി രാജേഷ് എത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.