തമിഴ് താരം രേഖ നായര്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ അവരുടെ വസ്ത്രധാരണത്തെ പഴിചാരുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നിടത്ത് ആയിരുന്നു രേഖയുടെ പരാമര്‍ശം.
‘എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ്. ഞാന്‍ ഇപ്പോള്‍ സാരിയാണ് ധരിക്കുന്നത്, ഞാന്‍ കൈ ഉയര്‍ത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം. അതുപോലെ, ബസില്‍ യാത്ര ചെയ്യുമ്പോള്‍ അതിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കാതെ, പുരുഷന്മാര്‍ നിങ്ങളെ സ്പര്‍ശിച്ചാല്‍ സ്ത്രീകള്‍ അത് ആസ്വദിക്കണം. പരാതി പറയാന്‍ നില്‍ക്കരുത്’ എന്നായിരുന്നു രേഖ നായരുടെ പരാമര്‍ശം.
ഇത് വിവാദമാവുകയും ചെയ്തു. സ്ത്രീയായ രേഖ നായര്‍ക്ക് എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാന്‍ സാധിക്കുന്നു എന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി.
‘ഒരു പുരുഷന്‍ സ്ത്രീയെ ആഗ്രഹത്തോടെ തൊടുന്നതും മറ്റൊരു രീതിയില്‍ സ്പര്‍ശിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്, അതിനര്‍ത്ഥം ശരീരം കാണുന്ന വിധത്തില്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ ബസില്‍ വച്ച് ഒരു പുരുഷന്‍ അറിഞ്ഞോ അറിയാതെയോ തൊടുമ്പോള്‍ സ്ത്രീ ആസ്വദിക്കണം എന്നല്ല. എന്ത് ഉദ്ദേശ്യത്തോടെയാണ് അത് ചെയ്യുന്നതെന്ന് മനസിലാക്കണം എന്നാണ്.’
‘ഒരാള്‍ നിങ്ങളോട് മോശമായി പെരുമാറുകയാണെങ്കില്‍, നിങ്ങള്‍ക്ക് അയാളെ കൈകാര്യം ചെയ്യാം. എന്നാല്‍ നിങ്ങള്‍ മോശമായ വസ്ത്രം ധരിച്ചിട്ട് പുരുഷന്മാരെ കുറ്റപ്പെടുത്തും. അത് തെറ്റാണെന്ന് പറഞ്ഞതിനാണ് എന്നെ ബൂമര്‍ ആന്റി എന്നൊക്കെ വിളിച്ചത്. സാരി നെഞ്ചില്‍ നിന്നും താഴ്ന്ന് കിടക്കുകയും അരക്കെട്ട് കാണുന്നതും നിങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ബസില്‍ യാത്ര ചെയ്യാം.’
‘ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും വഴി നോക്കണം. ഇനി അങ്ങനെ ഞാന്‍ ബസില്‍ യാത്ര ചെയ്യുകയാണെങ്കില്‍ അവിടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം നേരിടാന്‍ തയ്യാറായിരിക്കണം. ഒരാള്‍ നമ്മളെ നോക്കുമ്പോള്‍, അയാള്‍ എന്ത് അര്‍ത്ഥത്തിലാണ് നോക്കുന്നതെന്ന് നമുക്ക് മനസിലാകും. അതാണ് ഞാന്‍ പറഞ്ഞത്. ചില യൂട്യൂബ് ചാനലുകള്‍ അതിനെ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു’ എന്നാണ് രേഖ നായര്‍ പറയുന്നത്.