തിരുവനന്തപുരം: കെ എസ് ശബരീനാഥൻ ഉൾപ്പടെയുള്ള യുവനിരയെ കളത്തിലിറക്കി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കാൻ കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ആദ്യപട്ടിക നാളെ തിങ്കളാഴ്ച പുറത്തിറക്കും.
തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ് ഇത്തവണയിറങ്ങുന്നത്. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 9 അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.
എന്ത് വിലകൊടുത്തും കോർപ്പറേഷൻ പിടിക്കാനാണ് മുൻ എംഎൽഎ കൂടിയായ കെ.എസ്. ശബരീനാഥൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ കോൺഗ്രസ് രംഗത്തിറക്കുന്നത്. ശബരീനാഥന്റെ നേതൃത്വത്തിലുള്ള യുവനിരയും പ്രവർത്തന പാരമ്പര്യമുള്ള മുതിർന്ന നേതാക്കളും ഉൾപ്പെടുന്നതാകും തിങ്കളാഴ്ച പുറത്തിറങ്ങുന്ന പട്ടിക.
ശബരിയുടെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാൽ കവടിയാറിൽ നിന്നാകും അദ്ദേഹം മത്സരിക്കുക. ശബരീനാഥനൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ, വീണ എസ് നായർ, കെ.എസ്.യു നേതാവ് വൈഷ്ണ സുരേഷ്, ജോൺസൺ ജോസഫ്, പട്ടം അനിൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം.
കെ.മുരളീധരനാണ് തിരുവനന്തപുരം കോർപ്പറേഷന്റെ ചുമതല. അദ്ദേഹം നയിക്കുന്ന വാഹചനപ്രചാരണ ജാഥ തിങ്കളാഴ്ച ആരംഭിക്കുന്നതിനു മുന്നേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിലുള്ള ബിജെപി അപ്രമാദിത്വം അവസാനിപ്പിക്കാൻ കൂടിയാണ് കോൺഗ്രസ് ഒരുങ്ങുന്നത്. എഐസിസിയുടെ ഇടപെടലിനെത്തുടർന്നാണ് ശബരി ഉൾപ്പടെയുള്ളവർ തദ്ദേശത്തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്.

