സഫിയ കൊലക്കേസ്; കുടുബം വീണ്ടും നിയമനടപടിയിലേക്ക്

സഫിയ കൊലക്കേസ്; കുടുബം വീണ്ടും നിയമനടപടിയിലേക്ക്

പ്രമാദമായ സഫിയ കൊലക്കേസിൽ കുടുബം വീണ്ടും നിയമനടപടിയിലേക്ക് . കേസിൽ ജില്ലാക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സി.ഷുക്കൂർ മുഖേനയാണ് കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

2015ൽ വിധിച്ച നഷ്ടപരിഹാരത്തുക ഇതുവരെയും തങ്ങൾക്ക് ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി സഫിയയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. കേസിലെ മുഖ്യപ്രതിയായ കെ.സി.ഹംസയ്ക്ക് വധശിക്ഷയും 10 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് 2015 ജൂലൈയിൽ ജില്ലാ കോടതി വിധിച്ചത്.

ഒരു വർഷത്തിനുള്ളിൽ തുക നൽകാൻ കഴിഞ്ഞില്ലെങ്കിൽ 6 ശതമാനം വാർഷിക പലിശനിരക്കിൽ 8 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണമെന്നായിരുന്നു വിധി. ഇതിനെതിരെ അപ്പീൽ നൽകിയ ഹംസയുടെ ശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ഇളവുചെയ്തെങ്കിലും സഫിയയുടെ മാതാപിതാക്കൾക്ക് നൽകേണ്ട തുകയുടെ കാര്യത്തിൽ ഇടപെട്ടിരുന്നില്ല.

കാസർകോട് മുളിയാർ സ്വദേശി കെ.സി.ഹംസയ്ക്കും ഭാര്യ മൈമുനയ്ക്കുമൊപ്പം വീട്ടുജോലി ചെയ്യുമ്പോൾ 13–ാം വയസ്സിലാണു കുടക് അയ്യങ്കേരി സ്വദേശിനിയായ സഫിയ കൊല്ലപ്പെട്ടത്. 2006 ഡിസംബറിൽ ഇവർ കുട്ടിയെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നുമായിരുന്നു കേസ്.

പാചകത്തിനിടെ കുട്ടിക്കു പൊള്ളലേറ്റപ്പോൾ ബാലപീഡനക്കേസ് ഭയന്ന് കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മത മൊഴി. സഫിയയുടെ തലയോട്ടി മതാചാരപ്രകാരം സംസ്കരിക്കുന്നതിനായി കഴിഞ്ഞ മാസമാണ് മാതാപിതാക്കൾക്ക് വിട്ടുനൽകിയത്.

Leave a Reply