സ്‌കൂൾ ബാഗുകളുടെ അമിതഭാരം;സ്‌കൂളുകളിൽ ലോക്കർ റൂമുകൾ കൊണ്ട് വരാൻ സർക്കാർ പ്രതിജ്ഞാബദ്ധം; കല്ലട്ര അബ്ദുൽ കാദർ
ഇന്ന് കേരളത്തിലെ സ്കൂൾ കുട്ടികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഭാരമേറിയ ബാഗുകൾ. പഠിച്ച് ജോലി നേടാൻ കഴിഞ്ഞില്ലെങ്കിൽ ചുമട്ടുതൊഴിലാളിയായി ജോലിക്ക് പോകാം എന്ന് പലരും പരിഹാസ രൂപേണ പറയുന്നത് ഈ പ്രശ്നത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. പലർക്കും ഇതിന്റെ ഗൗരവം ഇന്നും മനസിലായിട്ടില്ല. കുട്ടികളെ ശാരീരികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന ഒരു കാര്യമാണിത്.
കുട്ടികളുടെ പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നെങ്കിലും ഭാരമേറിയ ബാഗുകൾ കൊണ്ട് പോകേണ്ടി വരുന്ന കുട്ടികൾ ഇന്നുമുണ്ട്. ഈ പ്രശ്നത്തിന് ഒരു പൂർണ്ണമായ പരിഹാരം ഇനിയും ലഭിച്ചിട്ടില്ല എന്നത് ഉറപ്പിച്ച് പറയാൻ പറ്റുന്ന കാര്യമാണ്.
ഈ പ്രശ്നം പരിഹരിക്കാൻ സ്കൂളുകളിൽ ലോക്കർ റൂം സംവിധാനം ഏർപ്പെടുത്തുന്നത് നല്ലൊരു പരിഹാരമാണ്.ഓരോ കുട്ടിക്കും സ്വന്തമായി ഒരു ലോക്കർ റൂം നൽകുകയാണെങ്കിൽ, അവർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ മാത്രം വീട്ടിലേക്ക് കൊണ്ടുപോയാൽ മതി. ഇത് കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കും.ലോക്കർ റൂം സംവിധാനം നടപ്പിലാക്കുന്നതിന് സർക്കാർ സ്കൂളുകൾക്ക് സഹായം നൽകണ്ടതുണ്ട്.
ഇങ്ങനെയൊരു പദ്ധതി സാമ്പത്തികമായി ഫലവത്താവില്ല എന്ന് പലരും വിമർശിക്കുമെങ്കിലും കുട്ടികളെ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരുടെ വിദ്യഭ്യാസത്തിനായി ചിലവഴിക്കുന്ന ഒരു തുകയും പാഴായിപോകില്ല എന്ന് മാത്രമല്ല, അവ എന്നും നമ്മുക്ക് മുതൽക്കൂട്ടാവുകയും ചെയ്യും.
കല്ലട്ര അബ്ദുൽ ഖാദർ