കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വെറുതെവിടണമെന്ന 12 പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. പ്രതികൾ കുറ്റക്കാരാണെന്ന വിചാരണ കോടതിയുടെ നേരത്തെയുള്ള വിധി ഹൈക്കോടതി ശരിവച്ചു. ഇതോടൊപ്പം രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കുകയും ചെയ്തു. 10, 12 പ്രതികളായ കെ.കെ. കൃഷ്ണനും ജ്യോതിബാബുവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുന്നോത്ത് പറമ്പ് മുൻ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ജ്യോതി ബാബു. സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്നു അന്ന് കെ.കെ. കൃഷ്ണന്‍.
കോടതി വിധിക്ക് പിന്നാലെ ടി.പിയുടെ ഭാര്യയും എം.എൽ.എയുമായ കെ.കെ. രമ കോടതിയിൽ പൊട്ടിക്കരഞ്ഞു. മുഴുവൻ പ്രതികളോടും ഈ മാസം 26ന് ഹൈക്കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികൾക്ക് കൂടുതൽ ശിക്ഷ നൽകണമെന്ന അപ്പീലിൽ ഹൈക്കോടതി അന്ന് തീരുമാനമെടുക്കും. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനെ വിട്ടയച്ച വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവച്ചു. പി മോഹനനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെപി മോഹനനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് കെ.കെ. രമ പറഞ്ഞു. ജയിലിൽ കിടക്കുന്ന 12 പ്രതികളുടേയും റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു. കേസിൽ വെറുതെ വിടണമെന്ന 11 പ്രതികളുടെ ഹർജികളാണ് കോടതി തള്ളിയത്.
ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്ന് കെ.കെ. രമ പറഞ്ഞു. “അഭിപ്രായം പറഞ്ഞതിനാണ് ടി.പിയെ വെട്ടിക്കൊന്നത്. ഇനി ഇതുപോലെ അഭിപ്രായം പറഞ്ഞതിന് മനുഷ്യരെ വെട്ടിക്കൊല്ലരുത്. സി.പി.എം തന്നെയാണ് പ്രതിസ്ഥാനത്തെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സി.പി.എം തന്നെയാണ് പ്രതിയെന്ന് ഒന്നുകൂടി തെളിഞ്ഞു. നേതൃത്വത്തിന്റെ പങ്ക് തെളിഞ്ഞു. മേൽനോട്ടവും സാമ്പത്തിക സഹായവും നൽകിയത് സി.പി.എം ആണ്. രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിയതിൽ സന്തോഷമുണ്ട്. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ വിധിച്ചത് ആശ്വാസകരമാണ്,” കെ.കെ. രമ ഹൈക്കോടതി പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം വിട്ട് ആര്‍.എം.പി സ്ഥാപിച്ച ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് 2012 മെയ് നാലിന് രാത്രി 10 മണിക്കായിരുന്നു. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയത്. തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 51 വെട്ടുകളാണ് ടി.പിയുടെ ശരീരത്തിൽ ഏറ്റത്. കേരളം ചര്‍ച്ച ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി. വധം.
കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സി.പി.എം ആവർത്തിക്കുന്നത്. സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍, കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍ എന്നിവര്‍ വധഗൂഡാലോചന കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നു. അപ്പീല്‍ കാലയളവില്‍ പി.കെ. കുഞ്ഞനന്തന്‍ മരിച്ചിരുന്നു. കൊലയാളി സംഘാംഗങ്ങളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, എന്‍.കെ. സുനില്‍, രജീഷ് ടി.കെ, കെ.കെ. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ് എന്നിങ്ങനെ 8 പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
തെളിവ് നശിപ്പിച്ച കേസില്‍ 31ാം പ്രതി എം.കെ. പ്രദീപന്‍ എന്ന ലംബു പ്രദീപന് മൂന്ന് വര്‍ഷമായിരുന്നു ശിക്ഷ. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണെന്നും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു. കേസിൽ ആദ്യ ഘട്ടത്തിൽ 36 പ്രതികളാണ് അറസ്റ്റിലായത്. ഇതിൽ പി. മോഹനന്‍, കാരായി രാജന്‍, കെ.കെ. രാഗേഷ് ഉള്‍പ്പടെ 24 പ്രതികളെ വിചാരണ കോടതി വിവിധ ഘട്ടത്തില്‍ വെറുതെ വിട്ടു.
12 പ്രതികളില്‍11 പേര്‍ക്ക് വിചാരണ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1,5,7 പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടുണ്ട്. അനൂപിനും, മുഹമ്മദ് ഷാഫിക്കും ഷിനോജിനും എതിരെയാണ് ഗൂഢാലോചന തെളിഞ്ഞത്. ശിക്ഷിക്കപ്പെട്ടതിനെതിരായ 12 പ്രതികളുടെ അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്.