ലൈംഗികാതിക്രമക്കേസില്‍ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതിജീവിതയുടെ മാനസികാവസ്ഥ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത തേടുന്നതിനായാണ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. അതിജീവിതയോട് സംസാരിക്കാന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷകയെ നിയോഗിച്ചേക്കും. പ്രൊസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ അഭിപ്രായം പരിഗണിച്ചാണ് നടപടി. അഭിഭാഷകയുടെ ആരോഗ്യ നില സംബന്ധിച്ച് ഡോക്ടര്‍മാരോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
തുറന്ന കോടതിയിലാവും ഹര്‍ജി പരിഗണിക്കുക. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നിലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പി ജി മനു പറഞ്ഞു. വ്യാജ മൊഴിയാണ് പരാതിക്കാരി നല്‍കിയതെന്നും പിജി മനു ആരോപിച്ചു. കേസിനെ തുടര്‍ന്ന് പി ജി മനുവില്‍ നിന്ന് രാജി എഴുതി വാങ്ങിയിരുന്നു. യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2018 ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്‍കാന്‍ എന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി.