വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറിൽ നിന്നിറങ്ങി വെല്ലുവിളിച്ച് ഗവർണർ

വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറിൽ നിന്നിറങ്ങി വെല്ലുവിളിച്ച് ഗവർണർ

കൊല്ലം: ഒരിടവേളക്ക് ശേഷം വീണ്ടും ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. കൊല്ലം നിലമേലിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വ്യാപകമായ കരിങ്കൊടി പ്രതിഷേധമാണ് എസ് എഫ് ഐ യുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എസ്എഫ്ഐ  പ്രവർത്തകൾ ഗവർണർ എത്തുന്നതിനു മുൻപ് തന്നെ പ്രദേശത്ത് ഗോ ബാക്ക് ബാനറുകൾ ഉയർത്തിയിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ എത്തിയതോടെ കാറിന് നേരെ മുദ്രാവാക്യം വിളികളുമായി അമ്പതോളം പ്രവർത്തകർ എത്തുകയായിരുന്നു.

 എന്നാൽ തിരുവനന്തപുരത്ത് നടന്നതിന് സമാനമായ രീതിയിൽ തന്റെ കാറിൽ നിന്നും പുറത്തിറങ്ങിക്കൊണ്ടാണ് ഗവർണർ എസ്എഫ്ഐ പ്രതിഷേധത്തെ നേരിട്ടത്. കാറിൽ നിന്നും പുറത്തിറങ്ങിയ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധക്കാരെ നേരത്തേ അറസ്റ്റ് ചെയ്ത് നീക്കാൻ തയ്യാറാകാത്ത പൊലീസിന്റെ നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നവരെ നിങ്ങൾ ഇങ്ങനെയാണോ കൈകാര്യം ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥരെ ശകാരിച്ചുകൊണ്ട് ഗവർണർ ചോദിച്ചു. 

 സംഭവത്തിന് പിന്നാലെ പ്രദേശത്തെ ഒരു ചായക്കടയിൽ കസേരയിട്ടിരുന്ന ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിക്ക് ഫോൺ ചെയ്യുകയും വിഷയത്തെ കുറിച്ചുള്ള പരാതി അറിയിക്കുകയും ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാതെ നിലമേലിൽ നിന്നും മടങ്ങില്ലെന്ന നിലപാടാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത്.

 നേരത്തേ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഭാഗം മാത്രം വായിച്ചുകൊണ്ട് സർക്കാരിനോടുള്ള തന്റെ എതിർപ്പ് ഗവർണർ നിയമസഭയിലും വ്യക്തമാക്കിയിരുന്നു. നയപ്രഖ്യാപനം ചുരുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനിറ്റ് മാത്രമാണ് സഭയിൽ പ്രസംഗിച്ചത്. തുടർന്ന് 63 പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഭാഗത്തിലെ ചില വരികൾ മാത്രമാണ് ഗവർണർ തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. സർക്കാരിനോടുള്ള തന്റെ സമീപനത്തിൽ അണുവിട പോലും മാറ്റമില്ലെന്ന് പറഞ്ഞുവെക്കുന്നതായിരുന്നു സഭയിലെ ഗവർണറുടെ നിലപാട്. 

ഒരു മിനിറ്റിൽ താഴെ മാത്രം നീണ്ട പ്രസംഗത്തിന് തൊട്ടു പിന്നാലെ തന്നെ ഗവർണർ സഭ വിട്ടു പുറത്തേക്കിറങ്ങി. ഒപ്പം അനുഗമിക്കാൻ നിന്ന മുഖ്യമന്ത്രിയെ കാത്തുനിൽക്കാൻ കൂട്ടാക്കാതെയായിരുന്നു ഗവർണറുടെ മടക്കം എന്നതും ശ്രദ്ധേയമാണ്. നേരത്തേ മന്ത്രിമാരായ ഗണേഷ്കുമാറിന്റേയും, കടന്നപ്പള്ളി രാമചന്ദ്രന്റേയും സത്യപ്രതിജ്ഞാ ചടങ്ങിലും മുഖ്യമന്ത്രിയും ഗവർണറും വേദി പങ്കിട്ടിരുന്നെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല.

Leave a Reply