കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ ഭര്‍തൃവീട്ടില്‍ ഷബ്ന എന്ന യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാവ് പിടിയില്‍.
ഭര്‍ത്താവ് ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്‍റെ മാതാവ് തണ്ടാര്‍ക്കണ്ടി നബീസയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന നബീസയെ കോഴിക്കോട്ടെ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. ഷബ്നയുടെ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃ സഹോദരി, ഭര്‍തൃ പിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ ഹബീബിന്‍റെ അമ്മാവൻ കുന്നുമ്മക്കര നെല്ലാച്ചേരി സ്വദേശി താഴെ പുതിയോട്ടില്‍ ഹനീഫ റിമാൻഡിലാണ്.
അരൂരിലെ കുനിയില്‍ പുളിയംവീട്ടില്‍ അമ്മദ് – മറിയം ദമ്ബതികളുടെ മകളായ ഷെബ്ന (30) ആണ് മരിച്ചത്. 2010ലായിരുന്നു ഷെബ്നയുടെയും ഹബീബിന്‍റെയും വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന ഹബീബ് വീട്ടിലെത്തുന്നതിന് തലേദിവസമാണ് ഷെബ്ന തൂങ്ങി മരിച്ചത്. പീഡനം അസഹ്യമായതോടെ ഭര്‍ത്താവുമൊത്ത് മാറി താമസിക്കാൻ ഷെബ്ന തീരുമാനിച്ചെങ്കിലും സ്വര്‍ണം അടക്കമുള്ളവ തിരികെ നല്‍കാര്‍ ഭര്‍ത്താവിന്‍റെ മാതാവും സഹോദരിയും തയാറായില്ലെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ അധിക്ഷേപിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
അസ്വാഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണം ഗാര്‍ഹിക പീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തു വന്നു. ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നും യുവതിയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും 120 പവൻ സ്വര്‍ണം നല്‍കിയാണ് യുവതിയെ വിവാഹം കഴിച്ചു നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
പൊലീസ് ഷെബ്നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. ഉമ്മ മുറിക്കകത്തു കയറി വാതില്‍ അടച്ചപ്പോള്‍ രക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും വീട്ടിലുള്ളവര്‍ ഒന്നും ചെയ്തില്ലെന്ന് ഷെബിനയുടെ മകള്‍ പൊലീസിന് മൊഴി നല്‍കി. വീടിന്‍റെ ഒന്നാം നിലയിലെ മുറിയില്‍ കയറി ഷെബിന വാതിലടച്ച വിവരം മകള്‍ ഹന ഭര്‍തൃപിതാവിനെ അറിയിച്ചെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല. കൂടാതെ, ഷെബിന മുറിയില്‍ കയറിയ വിവരം ഭര്‍ത്താവിന്‍റെ സഹോദരിയെ വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഫോണില്‍ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഷബ്നയെ ഹനീഫയും ഹബീബിന്‍റെ മാതാവും സഹോദരിയും ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.