ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള നിർണായക തിരച്ചിൽ പുരോഗമിക്കുന്നു. രക്ഷാ ദൗത്യത്തിന് പുഴയിലെ അടിയൊഴുക്കും കനത്ത മഴയും വെല്ലുവിളി ഉയർത്തുന്നുണ്ട്. അടിയോഴുക്ക് കുറഞ്ഞാൽ ആദ്യം ട്രയൽ പരിശോധന നടത്താനാണ് നേവി സംഘത്തിന്റ പദ്ധതി. അഞ്ചംഗ സംഘം ഡിങ്കി ബോട്ടിൽ ലൊക്കേഷനിൽ എത്തും. ശേഷം പരിശോധനക്കായി ഡീപ് ഡൈവ് നടത്തും.
ലോറിയുടെ ക്യാബിനിൽ പരിശോധന ആദ്യം നടത്തും. അർജുനെ പുറത്തേക്ക് എത്തിച്ചതിനു ശേഷം ട്രക്ക് ഉയർത്തും. നേവി ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകിയാൽ ഉടൻ ഡൈവിങ് സംഘം പുഴയിൽ ഇറങ്ങുമെന്ന് നേവി സംഘം അറിയിച്ചു. ഇന്നത്തെ ആദ്യ സിഗ്നൽ ലഭിച്ചു. ഇന്നലെ ലഭിച്ച അതേ പോയിന്റിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഡ്രോൺ പരിശോധന നിർണായകമാണ്. ഡ്രോൺ പരിശോധനക്ക് ശേഷം ഒരു മണിക്കൂറിനുള്ളിൽ ഡ്രോൺ ബാറ്ററി കാർവാറിലെത്തിച്ചു. കരയിലും വെള്ളത്തിലും ഒരുപോലെ ഫലപ്രദമായ ഐ.ബി.ഒ.ഡി സംവിധാനമാണ് പ്രവർത്തിപ്പിക്കുക. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്രോൺ പരിശോധന നടക്കുക. ഡൽഹിയിൽ നിന്നും രാജധാനി എക്‌സ്പ്രസ്സിലെത്തിയ ബാറ്ററികൾ കാർവാർ സ്റ്റേഷനിലെത്തിച്ചത്. അർജ്ജുൻ്റെ വാഹനത്തിന് സമീപത്തെത്താൻ മണ്ണ് നീക്കം പുരോഗമിക്കുകയാണ്.