മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ചുമതലകളില്‍ നിന്നും മാറ്റിയതായി ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി. വൈസ് പ്രസിഡന്‌റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ മാറ്റിയതായി കേരള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി (കിക്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്മ്യൂണിറ്റിയിലെ ആഭ്യന്തര സെല്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യാജമാണെന്ന് വ്യക്തമായാല്‍ നിയമസഹായം ഉള്‍പ്പെടെ പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട സീരിയല്‍ താരം ഷിയാസ് കരീം കമ്മ്യൂണിറ്റിയില്‍ അംഗമല്ലാത്തതിനാല്‍ തന്നെ മറ്റ് നടപടികളിലേക്ക് കടക്കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനം. സെലിബ്രിറ്റിയെന്ന നിലയ്ക്കുള്ള ക്ഷണിതാവായ ഷിയാസ് കരീമിനെ ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.
സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരായ പരാതി. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.