വയനാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്ത കേസിൽ പതിനെട്ട് പ്രതികളും പിടിയിൽ. സിദ്ധാർത്ഥനെ മർദിക്കാൻ നേതൃത്വം നൽകിയ മുഖ്യപ്രതി സിൻജോ ജോൺസൺ കീഴ്ടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ സിപിഎം നേതാവ് അനുഗമിച്ചത് വിവാദമായി. ഒളിവിൽ പോകാൻ പ്രതികളെ സഹായിച്ചവർക്കെതിരെ കേസ് വേണമെന്ന് കുടുംബം വ്യക്തമാക്കി.
പ്രതികൾക്ക് പിന്നാലെയുള്ള പാച്ചിൽ ഇന്നുച്ചയോടെ തീർന്നു. സിദ്ധാർത്ഥനെ ക്രൂരുമായി മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട പ്രതികളെല്ലാം പൊലീസ് പിടിയിൽ. മർദ്ദിക്കാനുള്ള സ്ഥലമടക്കം എല്ലാം ആസൂത്രണം ചെയ്ത സിൻജോ ജോൺസനും പിടിയിലായി. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ തലയുണ്ടാകില്ലെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതും സിൻജോയാണ്. സിദ്ധാർത്ഥിൻ്റെ മരണമുണ്ടായി പതിമൂന്നാം നാളാണ് പ്രതികളെല്ലാം കുടുങ്ങിയത്. ഇവർക്ക് ഒളിയിടം ഒരുക്കിയവരെയും പ്രതി ചേർക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെയുള്ളവർക്ക് സിപിഎം സംരക്ഷണം കിട്ടി എന്നാണ് ഉയരുന്ന ആരോപണം. ബുധനാഴ്ച അറസ്റ്റിലായ 6 പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് അനുഗമിച്ചത് വിവാദമായിരുന്നു.
സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ നടന്നത്. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സിദ്ധാർത്ഥനെതിരെ ക്രൂര മർദ്ദനം നടന്നത്. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി സിദ്ധാർത്ഥനെ മർദ്ദിച്ച 10 പേരെ ഒരു വർഷത്തെ സസ്‌പെൻ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടുപോകാത്ത രണ്ട് പേർക്കും ഇന്റേണല്‍ പരീക്ഷയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ട വിചാരണ നോക്കി നിന്നവർക്ക് 7 ദിവസത്തെ സസ്പെഷനും നല്‍കി.