കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങിന് പിന്നാലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിൽ. അഖില്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ പാലക്കാട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്‍പി ടിഎന്‍ സജീവൻ പറഞ്ഞു. ആദ്യം പ്രതി ചേര്‍ത്ത 12പേരില്‍ ഒരാളാണ് അഖില്‍. മറ്റു പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കുന്ന കാര്യം പരിഗണിക്കുമെന്നും വിശദമായ ചോദ്യം ചെയ്യലിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ഡിവൈഎസ്പി പറഞ്ഞു.
ഇതിനിടെ സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി അച്ഛൻ ജയപ്രകാശ് രംഗത്തെത്തി. പ്രധാന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ് ആരോപിച്ചു. പിടികൂടിയ ആറു പേരിൽ പ്രധാന പ്രതികൾ ഇല്ല. കൊളേജിൽ നിന്നും 12 പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സീനിയേഴ്സായ എസ്എഫ്ഐക്കാർ ലഹരി ഉപയോഗിക്കുമെന്ന് മകൻ പറഞ്ഞിരുന്നു. മരണ ശേഷം മകന്‍റെ സുഹൃത്തുകളും ഇക്കാര്യം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട 12പേരും എസ്എഫ് ഐക്കാരാണ്. അറസ്റ്റ് ചെയ്ത പ്രതികളിൽ മുഖ്യപ്രതികളില്ല. മുഖ്യപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാത്തത് പാർട്ടി സമ്മർദ്ദം കാരണമെന്നും അദ്ദേഹം ആരോപിച്ചു.
മരണവുമായി ബന്ധപ്പെട്ട് നേരത്തെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്എഫ്ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ വ്യക്തമായി. രഹൻ സിദ്ധാര്‍ത്ഥിന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്നലെ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.
ഇന്നലെ അറസ്റ്റിലായവർ
1 ബിൽഗേറ്റ് ജോഷ്വാ
സുൽത്താൻബത്തേരി സ്വദേശി
2 അഭിഷേക് എസ്
ഇടുക്കി സ്വദേശി
3 ആകാശ് എസ് ഡി
കൊഞ്ചിറവിള
തിരുവനന്തപുരം
4 ഡോൺസ് ഡായി
തൊഴുപുഴ സ്വദേശി
5 രഹൻ ബിനോയ്
തിരുവനന്തപുരം സ്വദേശി
6 ശ്രീഹരി ആർ ഡി
തിരുവനന്തപുരം സ്വദേശി
അതേസമയം സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക വലുതാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതിൽ 6 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എസ് എഫ് ഐ നേതാക്കളടക്കം ഇപ്പോഴും ഒളിവിലാണ്.
അതേസമയം സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.