കൊല്ലത്തെ ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. തെങ്കാശിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം.
തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. പദ്മകുമാറിനേയും കുടുംബത്തേയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
നീല കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. വെളളക്കാര്‍ ഉപയോഗിച്ചായിരുന്നു സംഘം ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയത്. എന്നാല്‍ കുട്ടിയുമായി ഇവര്‍ നഗരത്തില്‍ തിരിച്ചെത്തിയത് നീലക്കാറിലായിരുന്നു. തന്നെ കൊല്ലത്ത് എത്തിച്ചത് നീലക്കാറിലാണെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച നീലക്കാറിന്റെ ഉടമയുടെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം നടന്നത്. ഇതിനിടയില്‍ ഇനന് ഉച്ചയോടെ പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷൻ പോലീസ് കണ്ടെത്തി. തുടര്‍ന്ന് കൊല്ലത്ത് നിന്നുള്ള സംഘം തെങ്കാശിയിലെത്തി. ഹോട്ടലില്‍ ഭക്ഷണം കഴിക്കവേയായിരുന്നു സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
ചാത്തന്നൂര്‍ സ്വദേശി പത്മകുമാറാണ് പിടിയിലായവരില്‍ ഒരാള്‍. ഇയാളുടെ ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ മറ്റ് രണ്ട് പേരെ കൂടി പിടികൂടിയിട്ടുണ്ട്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ അടൂര്‍ കെ എ പി ക്യാമ്ബില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കുട്ടിയുടെ പിതാവിന്‍റെ സാമ്ബത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് മൂന്ന് പേരെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലവരെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് ആറു വയസുകാരിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് ആദ്യം സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനല്‍കാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും വീണ്ടും സന്ദേശമെത്തി.
തട്ടിക്കൊണ്ടുപോകലിന് പിറ്റേദിവം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഏകദേശം 20 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
അതിനിടയില്‍ ഒരു വെള്ളക്കാര്‍ പദ്മകുമാറിന്റെ വീടിന് മുന്നില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാര്‍ എന്ന് പരിശോധിക്കും. മാത്രമല്ല തട്ടിക്കൊണ്ട് പോയ ദിവസം ഇതേ വീട്ടില്‍ തന്നെയാണോ കുട്ടിയെ പാര്‍പ്പിച്ചതെന്നടക്കമുള്ള കാര്യങ്ങളും കണ്ടെത്തേണ്ടതുണ്ട്.