കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ കൊലപ്പെടുത്തി. കാൺപൂരിലെ അംഗദ്‌പൂരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രദീപ് സിങ് (25) എന്ന യുവാവിൻ്റെ അമ്മ മംമ്‌ത സിങ്, മംമ്തയുടെ കാമുകൻ മായങ്ക് കത്യാർ, ഇയാളുടെ സഹോദരൻ ഋഷി എന്നിവരാണ് അറസ്റ്റിലായത്. സംഭവം പുറത്തുവന്നതോടെ ഒളിവിൽ പോയ മൂന്നുപേരെയും പോലീസ് പിന്നീട് പിടികൂടി.
ഭർത്താവ് മരണപ്പെട്ട ശേഷം മംമ്ത മായങ്ക് കത്യാറുമായി അടുപ്പത്തിലായിരുന്നു. അമ്മയുടെ ഈ ബന്ധത്തോട് മകനായ പ്രദീപ് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെ മകനെ ഒഴിവാക്കാൻ മംമ്ത പദ്ധതിയിടുകയായിരുന്നു. പ്രദീപിൻ്റെ പേരിൽ നാല് ലൈഫ് ഇൻഷുറൻസ് പദ്ധതികളിലായി ആകെ ഒരു കോടി രൂപയുടെ പരിരക്ഷ മംമ്ത എടുത്തിരുന്നു.
കൊലപാതകം ആസൂത്രിതം, മൃതദേഹം റോഡരികിൽ
കൊലപാതകം ആസൂത്രിതമായാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. അത്താഴം കഴിക്കാനായി മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം, താമസസ്ഥലത്തേക്ക് മടങ്ങിയ പ്രദീപിനെ മായങ്ക് കത്യാറും ഋഷിയും ചേർന്ന് പിന്തുടരുകയായിരുന്നു. ഇരുവരും ചേർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് പ്രദീപിനെ കൊലപ്പെടുത്തി. ശേഷം, ഇതൊരു അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിച്ചു.
ആദ്യം പോലീസും സംഭവം അപകടമരണമായിട്ടാണ് കരുതിയത്. എന്നാൽ, പോസ്റ്റ്‌മോർട്ടം പരിശോധനയിൽ പ്രദീപിൻ്റെ തലയ്ക്ക് പുറകിൽ ഒന്നിലേറെ തവണ ചുറ്റികകൊണ്ട് അടിയേറ്റതിൻ്റെ ഗുരുതരമായ പരിക്കുകൾ കണ്ടെത്തി. ഇതോടെ കൊലപാതകമാണെന്ന് തെളിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മംമ്തയും മായങ്കുമായുള്ള ബന്ധവും പ്രദീപ് ഇതിനെ എതിർത്തതും പോലീസിന് ബോധ്യമായി. പ്രദീപിൻ്റെ പേരിൽ ഇൻഷുറൻസ് എടുത്ത കാര്യവും കണ്ടെത്തി. മൊബൈൽ ലൊക്കേഷൻ പ്രകാരം കൊലപാതകം നടന്ന സമയത്ത് മായങ്കും മംമ്തയും ഒരേ സ്ഥലത്തുണ്ടായിരുന്നതായും തെളിഞ്ഞു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ മംമ്തയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇൻഷുറൻസ് തുക തട്ടിയെടുക്കലായിരുന്നു ലക്ഷ്യമെന്നും മായങ്ക് മൊഴി നൽകി. പ്രതികളിൽ ഒരാളായ ഋഷിയെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാൾക്ക് പോലീസിൻ്റെ വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, നാടൻ തോക്ക്, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ എന്നിവ പോലീസ് കണ്ടെടുത്തു.

