പാദൂർ ട്രോഫി അഖിലേന്ത്യാ സൂപ്പർ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയം. ഇബ്ബു ഭായ് ജാലിസ് മേൽപറമ്പിന് വേണ്ടി ബൂട്ട് കെട്ടിയ സൂപ്പർ സ്റ്റുഡിയോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം നേടിയത്. അൽ- വസ്സാൻ ഗ്രൂപ്പ് തൃത്താലയ്ക്ക് വേണ്ടി ഇറങ്ങിയ കെഎഫ്സി കാളിക്കാവിനെയാണ് സൂപ്പർ സ്റ്റുഡിയോ പരാജയപ്പെടുത്തിയത്.നിറം മങ്ങിയ നീക്കങ്ങളോടെ ആയിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ തുടക്കം. ആദ്യ പകുതിയിൽ മേധാവിത്വം പുലർത്തിയ കാളിക്കാവ് നാലാം മിനുട്ടിൽ ആകാശിലൂടെ ഗോൾ നേടുകയായിരുന്നു. പിന്നീട് മത്സരത്തിലേക്ക് തിരിച്ച് വന്ന സൂപ്പർ സ്റ്റുഡിയോ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്. 46 ആം മിനുട്ടിൽ ജിഹാദ്, 57 ആം മിനുട്ടിൽ ആന്റണി എന്നിവരാണ് സൂപ്പർ സ്റ്റുഡിയോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
